ലുലു ഗ്രൂപ്പ് ജീവനക്കാർക്കായി അബുദാബിയിൽ അത്യാധുനിക കെട്ടിട സമുച്ചയം തുറന്നു

ലുലു ഗ്രൂപ്പ് ജീവനക്കാർക്ക് താമസിക്കാനായി അബുദാബിയിൽ അത്യാധുനിക കെട്ടിട സമുച്ചയം തുറന്നു. പതിനായിരത്തിലധികം  ജീവനക്കാർക്കായാണ് അബുദാബി മുസഫയിലെ ഐക്കാഡ് സിറ്റിയിൽ താമസസൌകര്യമൊരുക്കിയത്. ആധുനിക സൗകര്യങ്ങളോടെയുള്ള താമസ സമുച്ചയങ്ങൾ മറ്റ് നഗരങ്ങളിലും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.

10.32 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ലുലു ഗ്രൂപ്പിലെ പതിനായിരത്തിലധികം ജീവനക്കാർക്ക് താമസസൌകര്യമൊരുക്കിയത്. താമസിക്കാനായി 11 കെട്ടിടങ്ങളടക്കം 20 വിവിധോദ്ദേശ കെട്ടിടങ്ങൾ. ഫുട്ബോൾ, ബാസ് കറ്റ് ബോൾ, വോളിബോൾ കോർട്ടുകളും ടെബിൾ ടെന്നീസ് ഉൾപ്പെടെയുള്ള ഇൻഡോർ ഗെയിമുകൾക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ജിംനേഷ്യം, കേന്ദ്രീകൃത അടുക്കള, ഭക്ഷണശാല, സലൂൺ, ക്ളിനിക്ക് തുടങ്ങിയ സൌകര്യങ്ങളാണ് ലുലു ഗ്രൂപ്പ് ജീവനക്കാർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. സി.സി.ടി.വി ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന  സുരക്ഷാസംവിധാനവും ഒരുക്കിയിട്ടുണ്ട്.

ദുബായിലെ സമുച്ചയത്തിൻറെ നിർമാണം ആരംഭിച്ചതായും മറ്റുരാജ്യങ്ങളിലും ഇത്തരം താമസസൌകര്യങ്ങൾ ഒരുക്കുമെന്നും യൂസഫലി വ്യക്തമാക്കി. അതേസമയം, ജി.സി.സി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ  കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ വരും നാളുകളിൽ  ആരംഭിക്കുമെന്നും യൂസഫലി അറിയിച്ചു.