ദുബായ് മെട്രോയുടെ റൂട്ട് 2020 ഉദ്ഘാടനം ചെയ്തു; മെട്രോപാത എക്സ്പോ വേദിയിലേക്ക്

ദുബായ് വേദിയാകുന്ന രാജ്യന്തര എക്സ്പോയോടനുബന്ധിച്ച് ദുബായ് മെട്രോയുടെ റൂട്ട് 2020 ഉദ്ഘാടനം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബായ് മെട്രോ റെഡ് ലൈനിൽ നിന്ന് രാജ്യാന്തര എക്സ്പോ വേദിയിലേക്കാണ് പുതിയ മെട്രോപാത. 

''ഞങ്ങൾ പറയുന്നത് ചെയ്യും. ഞങ്ങൾ ചെയ്യുന്നതേ പറയൂ. ഇതാണ് ദുബായ്.'' മെട്രോ റൂട്ട് 2020 യുടെ ഉദ്ഘാടനവിശേഷം ട്വിറ്ററിൽ പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞ വാക്കുകളാണിത്. 47 മാസം മുൻപ് പ്രഖ്യാപിച്ച പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയതിൻറെ സന്തോഷത്തോടെയാണ് ഷെയ്ഖ് മുഹമ്മദ് പുതിയ പദ്ധതി ജനങ്ങൾക്ക് സമർപ്പിച്ചത്. പുതിയ പാതയിലൂടെ സഞ്ചരിക്കുന്ന വിഡിയോയും ഷെയ്ഖ് മുഹമ്മദ് പങ്കുവച്ചിട്ടുണ്ട്. റെഡ് ലൈനിലെ ജബലലി സ്റ്റേഷനെ എക്സ്പോ2020 വേദിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ മെട്രോ ലൈൻ. ഏഴ് സ്റ്റേഷനുകളിലായി 50 മെട്രോ ട്രെയിനുകൾ സർവീസിനുണ്ടാകും.

അടുത്തവർഷത്തോടെ 1,25,000 യാത്രക്കാർക്ക്  പ്രതിദിനം സഞ്ചരിക്കുന്ന പാതയായിരിക്കും ഇത്. ജബലലി, ദ ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ് മെൻറ് പാർക്ക് എന്നിവയിലൂടെ കടന്നാണ് ഏഴാമത്തെ സ്റ്റേഷനായ എക്പോയിലെത്തുന്നത്. 11 ബില്യൺ ദിർഹമാണ് പദ്ധതിച്ചെലവ്. ഇതോടെ ദുബായ് മെട്രോയുടെ ആകെ ദൂരം 90 കിലോമീറ്ററായി ഉയർന്നു.  ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തുടങ്ങിയവരും ഉദ്ഘാടനചടങ്ങിൻറെ ഭാഗമായി.