യുഎഇയിലും കോവിഡ് മരണം; മരിച്ചത് അറബ്, ഏഷ്യൻ സ്വദേശികള്‍

യുഎഇയിൽ ആദ്യമായി കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തു. അറബ്, ഏഷ്യൻ സ്വദേശികളായ രണ്ടുപേരാണ് മരിച്ചതെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 മരണം മൂന്നായി.

കോവിഡ് 19 വ്യാപനം തടയാനുള്ള പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് യുഎഇയിൽ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. യൂറോപ്പിൽ നിന്നുമെത്തിയ എഴുപത്തെട്ടു വയസുള്ള അറബ് സ്വദേശിക്കു, വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നു നടത്തിയ ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. ഹൃദ്രോഗവും വൃക്കസംബന്ധമായ രോഗവുമുണ്ടായിരുന്ന അൻപത്തെട്ടു വയസുള്ള ഏഷ്യൻ സ്വദേശിയാണ് മരിച്ച രണ്ടാമത്തെ വ്യക്തിയെന്നു യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്തു. രോഗങ്ങളെത്തുടർന്നു പ്രതിരോധശേഷി കുറഞ്ഞിരുന്നത് മരണകാരണമായെന്നു മന്ത്രാലയം വ്യക്തമാക്കി.

നൂറ്റിനാൽപ്പതു പേർക്കാണ് യുഎഇയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 31 പേർ രോഗമുക്തി നേടി. ബഹ്റൈനു ശേഷം ആദ്യമായാണ് ഗൾഫിൽ കോവിഡ് 19 മരണം സംഭവിക്കുന്നത്. അതേസമയം, യുഎഇയിലേക്കു ജിസിസി പൌരൻമാർക്കും പ്രവേശനവിലക്കേർപ്പെടുത്തി. സൌദിയിൽ  ഇന്ത്യൻ പൌരനടക്കം എഴുപതു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മുന്നൂറ്റിനാൽപ്പത്തിനാലായി. 

ഇന്ത്യ, ഫിലിപ്പീൻസ്, ബ്രിട്ടൺ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എട്ടുപേരുടെ രോഗം മാറി. ഖത്തറിൽ അഞ്ചു പ്രവാസികളടക്കം പത്തുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. നാണൂറ്റിഎഴുപതുപേരാണ് രാജ്യത്തെ ആകെ രോഗബാധിതർ. ഇതിൽ എട്ടുപേരുടെ രോഗം മാറിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.