ദുബായിൽ മദ്യം ഇനി ഓൺലൈനിൽ ഓർഡർ ചെയ്യാം; വീട്ടുപടിക്കലെത്തും

ദുബായിൽ ഓൺലൈനായി ആവശ്യപ്പെട്ടാൽ മദ്യം താമസസ്ഥലത്തെത്തിക്കുന്ന സംവിധാനം നിലവിൽ വന്നു.  ലീഗൽ  ഹോംഡെലിവറി ഡോട്ട് കോമിലൂടെ ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് മുൻപായി അപേക്ഷിച്ചാൽ അടുത്തദിവസം വൈകിട്ട് നാലിന് മുൻപ് മദ്യം വീട്ടുപടിക്കലെത്തും.

കോവിഡ്19 നെ തുടർന്നു നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, അംഗീകൃത മദ്യവിതരണ കമ്പനികളായ എം.എം.ഐ, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനി എന്നിവർ സംയുക്തമായാണ് സേവനം ആരംഭിച്ചത്. ഇരുപത്തൊന്നു വയസിന് മുകളിലുള്ള, ദുബായിൽ മദ്യം വാങ്ങുന്നതിനു ലൈസൻസുള്ള യുഎഇ താമസ വീസക്കാർക്കും സന്ദര്‍ശക വീസയിലുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. കുറഞ്ഞത് ഇരുന്നൂറ്റിഅൻപതു ദിർഹത്തിൻറെ മദ്യമെങ്കിലും ഓർഡർ ചെയ്തിരിക്കണം. ഡെലിവറി നിരക്കായി 50 ദിർഹം അധികം നൽകണം. 

legalhomedelivery.com ലൂടെ മദ്യത്തിന് അപേക്ഷിക്കുമ്പോൾ ലൈസൻസ് നമ്പർ നൽകണം. സന്ദർശകവീസയിലുള്ളവരാണെങ്കിൽ പാസ്പോർട് നമ്പരാണ് നൽകേണ്ടത്. വീട്ടുപടിക്കലെത്തുമ്പോൾ ഒറിജിനൽ ലൈസൻസ് അല്ലെങ്കിൽ പാസ്പോർട് കാണിക്കണം.  ഇസ്ലാം മതവിശ്വാസികൾക്കു മദ്യം ലഭിക്കില്ല. നിലവിൽ യുഎഇയിൽ ഷാർജയിലൊഴിച്ച് മറ്റെല്ലാ എമിറേറ്റുകളിലും മദ്യവിൽപനയുണ്ട്. ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനി വെബ്സൈറ്റിലൂടെ ലൈസൻസിനു അപേക്ഷിക്കാവുന്നതാണ്. ദുബായ് പൊലീസാണ് ലൈസൻസ് നൽകുന്നത്.