സൗദിയിലും കോവിഡ് മരണം; യുഎഇയിൽ 50 പേർക്ക് കൂടി രോഗബാധ

പ്രതീകാത്മക ചിത്രം

ഗൾഫിൽ കോവിഡ് 19 ബാധിച്ചു രണ്ടുപേർകൂടി മരിച്ചു. സൌദിയിൽ ആദ്യത്തേയും ബഹ്റൈനിൽ മൂന്നാമത്തേയും മരണമാണ് റിപ്പോർട്ട് ചെയ്തത്. യുഎഇയിൽ ആറ് ഇന്ത്യക്കാരടക്കം അൻപതുപേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

സൌദിയിൽ ആദ്യമായാണ് കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ഗൾഫിൽ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. 65 വയസുള്ള അഫ്ഗാൻ സ്വദേശി മദീനയിലാണ് മരിച്ചതെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 205 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സൌദിയിൽ  രോഗബാധിതരുടെ എണ്ണം 767ആയി.  28 പേർ രോഗമുക്തി നേടി. ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം മൂന്നായി. 

210 പേരാണ് ബഹ്റൈനിൽ ചികിൽസയിലുള്ളത്. 177 പേർ രോഗമുക്തി നേടി. യുഎഇയിൽ അൻപതുപേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെയെണ്ണം 248 ആയി. 45 പേർ രോഗമുക്തി നേടി. യുഎഇയിൽ രോഗബാധിതരായ ആകെ ഇന്ത്യക്കാർ ഇരുപത്തഞ്ചായി. അതേസമയം, അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരോടു വീട്ടിലേക്ക് തിരിച്ചു പോകാൻ നിർദേശം നൽകി ദുബായ് പൊലീസ് പട്രോളിങ് ശക്തമാക്കി. പാർക്ക് ബീച്ച് തുടങ്ങിയ പൊതുഇടങ്ങളിൽ ഡ്രോൺ വഴിയും നിരീക്ഷണം ശക്തമാക്കി. അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ പിഴയും ജയിൽ ശിക്ഷയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ, ഷാർജയിൽ മൂന്നു മാസത്തേക്ക് ജലവൈദ്യുതി ബില്ലിൽ പത്തുശതമാനം ഇളവ് പ്രഖ്യാപിച്ചു.