ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റ് ഗൾഫ് നാടുകൾ

ആഘോഷത്തോടെ പുതിയവർഷത്തെ വരവേറ്റ് ഗൾഫ് നാടുകൾ. ബുർജ് ഖലീഫ അടക്കം വിവിധയിടങ്ങളിൽ ഒരുക്കിയ വമ്പൻ കരിമരുന്നു പ്രയോഗം കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എക്സ്പോ രണ്ടായിരത്തിഇരുപതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു യുഎഇയിലെ ആഘോഷപരിപാടികൾ.

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിയമായ ദുബായ് ബുർജ് ഖലീഫയ്ക്കൊപ്പം ആയിരങ്ങളാണ് പുതുവൽസരത്തെ എതിരേറ്റത്. സംഗീത നൃത്തപരിപാടികൾ, ഫൌണ്ടൻ ഷോ, അനിമേഷൻ ഷോ, കാർണിവൽ തുടങ്ങിയവയുടെ അകമ്പടിയുണ്ടായിരുന്നു. 

റാസൽഖൈമയിൽ ലോകത്തിലെ ഏറ്റവും നീളമേറിയ കരിമരുന്നു പ്രയോഗമെന്ന ഗിന്നസ് റെക്കോർഡു ചാർത്തി പുതുവൽസരത്തെ സ്വാഗതം ചെയ്തു. അൽ മർജാൻ ദ്വീപിൽ 173 ഡ്രോണുകളുടെ സഹായത്തോടെ 3,788.86 മീറ്റർ നീളത്തിലായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന വിസ്മയമൊരുക്കിയത്. 

ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ ഖാലിദ് തടാകക്കരയിലായിരുന്നു വർണക്കാഴ്ചയൊരുക്കിയത്. യുഎഇയുടെ ചരിത്രവും വർത്തമാനവും മുന്നേറ്റങ്ങളും അടയാളപ്പെടുത്തിയ കാഴ്ചകൾക്കൊപ്പം എക്സ്പോ രണ്ടായിരത്തിഇരുപതിലേക്കുള്ള ചുവടുവയ്പ്പു കൂടി പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി. യുഎഇക്കു പുറമേ, ഖത്തർ, ഒമാൻ, സൌദി, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ മലയാളികളടക്കമുള്ള പ്രവാസികളും സ്വദേശികളും ഒന്നുചേർന്ന് ആവേശത്തോടെ, ആഘോഷത്തോടെ പുതിയവർഷത്തെ സ്വീകരിച്ചു.