ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി പ്രവാസലോകം

ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളുമായി പ്രവാസലോകം. ദേവാലയങ്ങളും വീടുകളും കേന്ദ്രീകരിച്ചു കാരൾ സർവീസുകൾ തുടരുകയാണ്. അതേസമയം, ക്രിസ്മസ് വിപണിയും സജീവമായി.

മലയാളികളടക്കമുള്ള പ്രവാസികൾ ആഘോഷങ്ങളോടെയാണ് ക്രിസ്മസിനായി ഒരുങ്ങുന്നത്. നാട്ടിലേതെന്നപോലെ വീടുകളും ദേവാലയങ്ങളും കേന്ദ്രീകരിച്ചു കാരൾ സർവീസുകൾ നടക്കുന്നുണ്ട്. ഷോപ്പിങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ക്രിസ്മസ് വിപണി സജീവമാണ്. ക്രിസമസ് ട്രീ, നക്ഷത്രവിളക്കുകൾ എന്നിവയ്ക്കൊപ്പം കേക്ക് വിൽപ്പനയ്ക്കും തിരക്കേറുന്നു. വിവിധ രുചികളിലുള്ള കേക്കുകൾക്ക് ആവശ്യക്കാരേറെ.

വസ്ത്ര, വിനോദവിപണിയിലും തിരക്ക് പ്രകടമാണ്. കേരളത്തിൽ നിന്നടക്കം ക്രിസ്മസ് ആഘോഷിക്കാൻ ദുബായിലേക്ക് വിനോദസഞ്ചാരികളുടെ തിരക്കു തുടരുന്നു. അതേസമയം, നാളെ വൈകുന്നേരം മുതൽ ക്രിസ്മസ് പുലരി വരെ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷ ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾ കൂട്ടമായെത്തുന്ന ഇടങ്ങളിൽ അധികൃതർ സുരക്ഷയും സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.