കുഞ്ഞു അയിഷയെ തേടി ഷെയ്ഖ് മുഹമ്മദ് എത്തി, ആ സങ്കടം തീർക്കാൻ; വിഡിയോ

അബുദാബി: ആ രംഗം കണ്ടാൽ ആർക്കും സങ്കടം തോന്നും; പ്രിയ ഭരണാധികാരിക്ക് നേരെ ഹസ്തദാനത്തിന് കൈ നീട്ടി നിരാശയേകേണ്ടി വന്ന ബാലികയുടെ മുഖം കണ്ടവരിലെല്ലാം നൊമ്പരം പടർത്തിയിരുന്നു. അബുദാബിയിലെ അയിഷ മുഹമ്മദ് ബിൻ മഷീത് അൽ മസ് റൂയിയാണ് എല്ലാവരുടെയും മനം കവർന്ന ആ ബാലിക. ഒടുവിൽ ആ  പെൺകുട്ടിയെ തേടി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ നേരിട്ട് വീട്ടിലെത്തി.

കഴിഞ്ഞ ദിവസം യുഎഇ സന്ദർശിച്ച സൗദി കിരീടാവകാശിയ മുഹമ്മദ് ബിൻ സൽമാൻ  ബിൻ അബ്ദുൽ അസീസ്  രാജകുമാരന് നൽകിയ സ്വീകരണത്തിനിടെയാണ് സംഭവങ്ങൾക്ക് തുടക്കം. സ്വദേശി ബാ ലികമാർ അണിനിരന്ന് മുഹമ്മദ് സൽമാൻ രാജകുമാരന് വരവേൽപ് നൽകി. ഒരു ഭാഗത്ത് മുഹമ്മദ് സൽമാൻ രാജകുമാരനും മറു ഭാഗത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായിരുന്നു. ഇരുവരും തങ്ങൾക്ക് നേരെ കൈ നീട്ടിയ കുട്ടികള്‍ക്ക് സ്നേഹം പകർന്ന് കടന്നുപോകവെ, അയിഷയുടെ അരികിലെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ശ്രദ്ധ മറ്റൊരു വശത്തേയ്ക്ക് മാറുകയും കൈ നൽകാൻ സാധിക്കാതെ വരികയും ചെയ്തു. 

ഇതിൽ നിരാശയായ കുട്ടിയുടെ മുഖം വീഡിയോയിൽ പതിഞ്ഞു. അത് പിന്നീട് സമൂഹ മാധ്യമത്തിൽ പ്രചരിച്ചു. ഇതുകണ്ട് ഷെയ്ഖ് മുഹമ്മദ് യുഎഇ ദേശീയ ദിനത്തിൽ ബാലികയുടെ ഭവനത്തിൽ നേരിട്ട് ചെല്ലുകയായിരുന്നു. അയിഷയുടെ  കൈകളിൽ ഒത്തിരി തവണ സ്നേഹ ചുംബനം നൽകിയാണ് പ്രിയ ഭരണാധികാരി. ഇൗ വീഡിയോയും സമൂഹ മാധ്യമത്തിൽ വൈറലായി.