സൌദിയിൽ പതിനാലു മേഖലകളിൽ കൂടി സ്വദേശിവൽക്കരണം

സൌദിയിൽ പതിനാലു മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങുന്നു. ഐ.ടി, ടെലികോം ഉൾപ്പെടെയുള്ള മേഖലകളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നതെന്നു തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

മലയാളികളടക്കമുള്ള പ്രവാസികൾ ജോലി ചെയ്യുന്ന പതിനാലു മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങുന്നത്.  ടൂറിസ്റ്റ് അക്കോമഡേഷൻ, എന്റർടൈൻമെന്റ്, ടെലികോം, ഐ ടി, ഗതാഗതം, ലോജിസ്റ്റിക് സർവീസ് എന്നീ മേഖലകളെയാണ് ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയാണ് രണ്ടാം ഗ്രൂപ്പിലുള്ളത്. റസ്റ്ററൻറുകൾ, കോഫീ ഷോപ്പുകൾ തുടങ്ങിയവ മൂന്നാം ഗ്രൂപ്പിലും കോണ്ട്രാക്ടിങ്, റിയൽ എസ്റ്റേറ്റ് എന്നിവ നാലാം ഗ്രൂപ്പിലും ലീഗൽ കൺസൾട്ടൻസി, എൻജിനീയറിംഗ്, അക്കൗണ്ടിങ് എന്നീ മേഖലകളെ ഗ്രൂപ്പ് അഞ്ചിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളിൽ എന്നു, ഏതു തരത്തിലായിരിക്കും സൌദിവൽക്കരണം നടപ്പാക്കുന്നതെന്നു വരും ദിവസങ്ങളിൽ വ്യക്തമാക്കും. കഴിഞ്ഞ രണ്ടര വർഷത്തിനിടെ സൌദിയിൽ പത്തൊൻപതു ലക്ഷത്തോളം പ്രവാസികൾക്കു ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനായാണ് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത്.