15കാരി ദുബായില്‍ പെണ്‍വാണിഭ സംഘത്തില്‍; മനോനില തെറ്റി: പ്രതിക്ക് കുരുക്ക്

Representative Image

യുഎഇയിൽ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്നു പറഞ്ഞ് 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ദുബായ് കോടതിയുടെ പരിഗണനയിൽ. 32 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയാണ് പ്രതി. ഇയാള്‍ യുഎഇയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി ആണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടിയുടെ മനോനില തകര്‍ന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് തിരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പ്രതി കുറ്റം നിഷേധിച്ചു. പെണ്‍കുട്ടി അമിതമായ മാനസിക പിരിമുറുക്കം, അമിതമായ ഭയം, സ്വഭാവത്തിലെ മാറ്റങ്ങൾ എന്നിവ പ്രകടിപ്പിക്കുന്നു. 

അൽ മുത്തീനയിലെ ഒരു ഫ്ലാറ്റിൽ പ്രതിയായ വ്യക്തി പെൺകുട്ടിയെ ഉപദ്രവിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. എന്നാല്‍ പൊലീസ് എത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടിയും മറ്റൊരു സ്ത്രീയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ ചില അസ്വഭാവികത കാരണമാണ് അവളെ പൊലീസ് ഡിപാർട്ട്മെന്റിലേക്ക് കൊണ്ടുപോയത്. അവൾ തനിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഒരു കാര്യവുമില്ലാതെ ചിരിക്കുകയും പിന്നീട് പ്രാർഥിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേസില്‍ പ്രതി കുറ്റം നിഷേധിച്ചു. ഭക്ഷണം കഴിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. എന്നാല്‍ പെൺകുട്ടിയെ പെൺവാണിഭത്തിന് നിർബന്ധിച്ചുവെന്ന കാര്യം പ്രതി നിഷേധിച്ചു. പ്രതിക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.