ഒറ്റവീശലിൽ വലയിലായത് 50 ടൺ മീൻ; യുഎഇയിൽ വമ്പൻ ചാകര; വിഡിയോ

മൽസ്യത്തൊഴിലാളികളുടെ പോലും കണ്ണുതള്ളിയ സമ്മാനമാണ് കടൽ നൽകിയത്. റാസൽഖൈമ നഗരത്തിൽ നിന്നും 40 കിലോമീറ്റർ മാറിയുള്ള ഷാം ഏരിയയിലാണ് ഇൗ കൗതുകം സംഭവിച്ചത്. അപ്രതീക്ഷിതമായി വലിയ തോതിൽ മത്സ്യം ലഭിച്ചതാണ് ഇപ്പോൾ‌ സജീവചർച്ചയായത്. 50 ട്രക്കുകളിലായാണ് ലഭിച്ച മത്സ്യം കൊണ്ടുപോയതെന്നും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ നാലു വർഷത്തിനിടെ ഇത്രയധികം മത്സ്യം ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ മൂന്നു പ്രദേശിക മത്സ്യത്തൊഴിലാളികും ഒരു ഏഷ്യൻ തൊഴിലാളിയും ചേർന്ന് മീൻപിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൂന്നു തൊഴിലാളികളിൽ ഒരാളായ അബ്ദുല്ല മുഹമ്മദ് പറയുന്നത് ഏതാണ്ട് 50 ടൺ മത്സ്യമാണ് ലഭിച്ചത് എന്നാണ്. വൈറലായ വിഡിയോയിൽ ധാരാളം മത്സ്യങ്ങളെ കടൽത്തീരത്ത് കാണാം.

ഷാം തീരത്ത് വൈകിട്ട് ഏതാണ്ട് 3.30ന് ആണ് എത്തിയത്. പ്രത്യേകതരം രീതിയിലാണ് മീൻപിടിച്ചത്. ഇതിനായി പ്രത്യേക തരത്തിലുള്ള വലകളാണ് ഉപയോഗിക്കുന്നതെന്നും തൊഴിലാളികൾ വ്യക്തമാക്കി. 

കഴിഞ്ഞ വർഷം ഏതാണ്ട് 20 ടൺ മത്സ്യമാണ് ലഭിച്ചത്. ഇത്തവണ ലഭിച്ച മീനുകളിൽ ഭൂരിഭാഗവും മിതമായ നിരക്കില്‍ ലഭിക്കുന്ന ഡയയൂ ഇനത്തിലുള്ളതാണെന്ന് മത്സ്യത്തൊഴിലാളി സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ ഹുമൈദ് അൽ സാബി പറഞ്ഞു. 

ഇത്രയധികം മത്സ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഏഷ്യൻ തൊഴിലാളിയായ മുഹമ്മദ് സുലൈമാൻ പറഞ്ഞു. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്. മുൻപ് ഉണ്ടായ നഷ്ടങ്ങളൊക്കെ തീർക്കാൻ ഇതു സഹായിക്കും അദ്ദേഹം പറഞ്ഞു.