സ്വന്തം സ്പോൺസർഷിപ്പിൽ അതിഥികളെ കൊണ്ടുവരാം; വീസ ഉടൻ; ഹജ് ഉംറ ദേശീയ സമിതി

സൗദിയിൽ സ്വന്തം സ്പോൺസർഷിപ്പിൽ അതിഥികളെ കൊണ്ടുവരാനുള്ള വീസ ഉടൻ പ്രാബല്യത്തിൽ വരും. തൊണ്ണൂറു ദിവസം വരെ ആതിഥേയത്വം നൽകാവുന്ന വീസ അനുവദിക്കുമെന്നു ഹജ് ഉംറ ദേശീയ സമിതി അറിയിച്ചു. പതിനെട്ടുവയസു തികഞ്ഞ സ്ത്രീകള്‍ക്ക് പുരുഷ തുണയില്ലാതെ ഉംറയ്ക്കു വരാൻ അനുവാദം നൽകുന്ന കാര്യം പരിഗണനയിലാണെന്നും സമിതി ഉപാധ്യക്ഷൻ വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാര്‍ക്കും താമസരേഖയുള്ള വിദേശികള്‍ക്കും സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അതിഥികളെ കൊണ്ടുവരുവാന്‍ അനുവാദം നല്‍കും. എന്നാല്‍ ഏതെല്ലാം പ്രൊഫഷനുകള്‍ക്കാണ് അതിഥി വീസ അനുവദിക്കുക എന്നത് നിലവിൽ വ്യക്തമാക്കിയിട്ടില്ല. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹജ് ഉംറ ദേശീയ സമിതി ഉപാധ്യക്ഷൻ അബ്ദുല്ല അൽ ഖാദിയുടെ പ്രസ്താവന. വിനോദസഞ്ചാര വീസയിലെത്തുന്നവർക്കു ഉംറ നിർവഹിക്കാനും ഉംറ വീസയിൽ വരുന്നവർക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനും പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കാനും കഴിയുന്ന തരത്തിൽ നിയമം പരിഷ്കരിക്കുമെന്നും അബ്ദുല്ല അൽ ഖാദി പറഞ്ഞു. സൗദി അറേബ്യയുടെ ഹജ്ജ് ഉംറ നാഷണല്‍ കമ്മിറ്റിയുടെ പോര്‍ട്ടലായ മഖാം പോര്‍ട്ടല്‍ വഴി ഇടനിലക്കാരില്ലാതെ ഉംറ വിസക്ക് അപേക്ഷിക്കാം. അതേസമയം, വനിതകളായ ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മഹറം വ്യവസ്ഥയില്‍ മാറ്റം വരുമെന്നും അബ്ദുല്ല അൽ ഖാദി വ്യക്തമാക്കി.