ഒടുവിൽ മൂസക്കുട്ടി വീടണഞ്ഞു; കൈപിടിച്ച് യൂസഫലി; കേസ്, ജയിൽ, അതിജീവനം

ജീവിത വെല്ലുകള്‍ നേരിടാനാകാതെ പ്രവാസ ലോകത്ത് തളർന്നുവീണ മൂസക്കുട്ടി ഒടുവിൽ വീടണഞ്ഞു. കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടിയ ഇദ്ദേഹം  നോർക്ക വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം.എ.യൂസഫലി നൽകിയ സഹായ ഹസ്തം പിടിച്ചാണ് അൽഐവുൽ നിന്നു യാത്ര തിരിച്ചത്. പട്ടാമ്പി മാട്ടായ സ്വദേശിയായ മൂസക്കുട്ടി ഭാര്യ ബുഷ്റയോടൊപ്പം ഇന്നു പുലർച്ചെ മൂന്നരയ്ക്ക് നാട്ടിലെത്തി. 

ഒരു കാലത്ത് അറിയപ്പെടുന്ന വ്യവസായിയായിരുന്നു മൂസക്കുട്ടി. റാസൽഖൈമ സ്വദേശി നൽകിയ പരാതി ജീവിതക്രമത്തെ താളം തെറ്റിച്ചു. അഞ്ചു വർഷത്തോളം ജയിലിൽ കഴിഞ്ഞു. എന്നാൽ യാത്രാ വിലക്കുണ്ടായിരുന്നതിനാൽ നാട്ടിലേക്കു മടങ്ങാനാകാതെ കുടുംബത്തോടൊപ്പം ഷാർജയിലെ ഒരു ഒറ്റമുറിയിൽ താമസിക്കുകയായിരുന്നു. മൂന്നു കോടി രൂപ നൽകാതെ കേസ് പിൻ വലിക്കില്ലെന്ന് സ്വദേശി ഉറച്ച് നിന്നതോടെ മൂസക്കുട്ടിയുടെ മടക്കം അനിശ്ചിതത്വത്തിലായി. 

കോടതി വിധിയും യാത്രാവിലക്കും വന്നതോടെ പ്രതിസന്ധിയിലായ അദ്ദേഹം ജീവനോടെ നാട്ടിലെത്തുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നു. ഇതിനിടയിൽ അസുഖബാധിതനായ മൂസക്കുട്ടിയുടെ സംസാരശേഷിയും നഷ്ടമായിരുന്നു. ദുരിത വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ.യൂസഫലി ഇദ്ദേഹത്തെ സന്ദർശിക്കുകയും ബാധ്യതകൾക്ക് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കണ്ട് നാട്ടിലെത്തിക്കുമെന്ന്  ഉറപ്പ് നൽകുകയും ചെയ്തിതിരുന്നു. 

യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയെ യൂസഫലി നേരിട്ട് കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചതാണ് മൂസക്കുട്ടിയുടെ നാട്ടിലേക്കുള്ള മോചനത്തിനു തുടക്കമായത്. 28 കേസുകളിലായി 80 ലക്ഷം രൂപ  (4 ലക്ഷം ദിർഹം)  രൂപ യൂസഫലി റാസൽ ഖൈമ കോടതിയിൽ കെട്ടി വച്ചു. അങ്ങനെ എല്ലാ പ്രതീക്ഷകളും അവസാനിച്ച മൂസക്കുട്ടി തന്റെ ജീവിതത്തിന്റെ രണ്ടാം ഭാഗം ജീവിച്ചുതീർക്കാനായി സ്വന്തം മണ്ണില്‍ തിരിച്ചെത്തി.