സുസ്ഥിര വികസനത്തിൽ മുന്നോട്ട്; വെറ്റക്സ് പ്രദർശനം ദുബായിൽ

സുസ്ഥിരത വികസനത്തിൽ മുൻപന്തിയിലെന്ന പ്രമേയവുമായി ദുബായിൽ വെറ്റെക്സ് പ്രദർശനം സംഘടിപ്പിക്കുന്നു. ജലം, ഊർജം, സാങ്കേതികവിദ്യ, പരിസ്ഥിതി എന്നീ മേഖലകളെ അടിസ്ഥാനമാക്കി ദുബായ് ദീവയുടെ നേതൃത്വത്തിലാണ് പ്രദർശനം. ഇന്ത്യയിൽ നിന്നുള്ള പതിമൂന്നു കമ്പനികൾ പ്രദർശനത്തിൻറെ ഭാഗമാകും.

ഹരിത സാമ്പത്തികവ്യവസ്ഥയും സുസ്ഥിരവികസനവും ലക്ഷ്യമിടുന്ന യുഎഇ ഭരണകർത്താക്കളുടെ കാഴ്ചപ്പാടോടു ചേർന്നു നിന്നാണ് ദുബായ് ജല വൈദ്യുതു അതോറിറ്റിയുടെ നേതൃത്വത്തിൽ വെറ്റെക്സ്, ദുബായ് സോളാർ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. 

55 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിമുന്നൂറ്റിഅൻപതു പ്രദർശകർ ഈ മാസം ഇരുപത്തിയൊന്നു മുതൽ ഇരുപത്തിമൂന്നു വരെ ദുബായ് ഇൻറർവനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘടിപ്പിക്കുന്ന വെറ്റെക്സിൻറെ ഭാഗമാകും. ജലം, പരിസ്ഥിതി, എണ്ണ, ഗ്യാസ്, പരമ്പരാഗത, പുനരുപയോഗ ഊർജം, എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ പരിചയപ്പെടാനുള്ള അവസരമാണ് വെറ്റെക്സ്. ഈ വിഷയങ്ങളിൽ സെമിനാറുകളും ശിൽപശാലകലും സംഘടിപ്പിക്കുന്നുണ്ട്. ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തുമിന്റെ രക്ഷകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.