ബഹിരാകാശം കണ്ടു മടക്കം; ഹസ അൽ മൻസൂരി ഭൂമി തൊട്ടു

യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരി, രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്നും  മടങ്ങിയെത്തി. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ കസഖ്സ്ഥാനിലെ ചെസ്ഗാസ്ഗേനിലായിരുന്നു ലാൻഡിങ്. ഭൂമിയിലേക്കു മടങ്ങിയെത്തിയ ഹസയ്ക്കു യുഎഇ ഭരണാധിപൻമാരും ജനങ്ങളും അഭിനന്ദനം അറിയിച്ചു. 

യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനെന്ന അഭിമാനനേട്ടം കൈവരിച്ച്, എട്ടുദിവസത്തെ ദൌത്യം പൂർത്തിയാക്കിയാണ് ഹസ അൽ മൻസൂരിയുടെ മടക്കം.   ബഹിരാകാശത്തേക്ക് കുതിച്ച ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് 700 കിലോമീറ്റർ അകലെ യുഎഇ സമയം ഉച്ചയ്ക്ക് രണ്ട് അൻപത്തിയൊൻപതിനു ഹസ വീണ്ടും ഭൂമിയെ തൊട്ടു.റഷ്യൻ കമാൻഡർ അലക്സി ഒവ്ചിനിൻ, അമേരിക്കയുടെ നിക് ഹേഗ് എന്നിവരും കൂടെയുണ്ടായിരുന്നു. ഭൂമിയിലിറങ്ങിയശേഷം പേടകത്തിനു പുറത്ത് സജ്ജമാക്കിയ പ്രത്യേക കസേരയിൽ യാത്രികർ 30 മിനിറ്റ്  ചെലവഴിച്ചു. തുടർന്നു വൈദ്യപരിശോധനയ്ക്കു വിധേയരായശേഷം ബഹിരാകാശ വേഷം മാറ്റി. 

വിവിധ ഘട്ടങ്ങളിൽ ഇനിയും വൈദ്യ പരിശോധനയുണ്ടാകും. യുഎഇയിലേക്കുള്ള മടക്കം പിന്നീട് തീരുമാനിക്കും. കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് ഹസ അൽ മൻസൂരി രാജ്യാന്തരബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്.  മടങ്ങിയെത്തിയ ഹസയ്ക്ക് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉവസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ അഭിനന്ദനമറിയിച്ചു.