ഇറാനെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണം; സൽമാൻ രാജകുമാരൻ​

ഇറാനെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അരാംകോയുടെ എണ്ണപ്പാടങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഇറാൻറെ പ്രകോപനം അവസാനിപ്പിച്ചില്ലെങ്കിൽ എണ്ണ വിലയിൽ വൻവർധനയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സൌദിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയരുന്നതിൽ സങ്കടമുണ്ടെന്നും സത്യാവസ്ഥ മനസിലാക്കാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും കിരീടാവകാശി വ്യക്തമാക്കി.

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൻറെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊലപാതകം നടന്നത് തന്റെ അറിവോടെയല്ലെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. യുഎസ് ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് സൌദി കിരീടാവകാശിയുടെ പ്രതികരണം.

ഒക്ടോബർ രണ്ടിനു തുർക്കിയിലെ സൌദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ജമാൽ ഖഷോഗിയുടെ കൊലപാതകം, തൻറെ ഉത്തരവ് പ്രകാരമാണെന്ന ആരോപണങ്ങളെ മുഹമ്മദ് ബിൻ സൽമാൻ നിഷേധിച്ചു. പ്രതികൾ സൌദി സർക്കാർ ഉദ്യോഗസ്ഥരായതിനാലാണ് ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.