എണ്ണക്കേന്ദ്രങ്ങളുടെ സുരക്ഷ; സൗദിയിലേക്ക് കൂടുതൽ അമേരിക്കൻ സൈന്യത്തെ അയക്കും

അരാംകോയുടെ എണ്ണക്കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ സൌദിയിലേക്കു കൂടൂതൽ സൈന്യത്തെ അയക്കുമെന്നു അമേരിക്ക. എണ്ണക്കേന്ദ്രങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് തീരുമാനമെന്നു യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

ഹൂതി വിമതരുടെ ആക്രമണവും ഇറാൻറെ ഭീഷണിയും തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. സൌദിയുടെ അഭ്യര്‍ഥന പ്രകാരം പ്രതിരോധ രംഗത്ത് സൌദിക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. സൌദിക്കും യുഎഇക്കും കൂടുതൽ ആയുധങ്ങള്‍ നല്‍കാനും തീരുമാനിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് കൂടുതൽ സൈന്യമെത്തുന്നത്. ഒരാഴ്ചയ്ക്കകം സൈന്യം സൌദിയിലെത്തും. 

സൗദിയിലെത്തുന്ന യു.എസ് സൈന്യവും ഗൾഫ് കടലിൽ നിലയുറപ്പിച്ച യു.എസ് പടക്കപ്പലുകളും മേഖലയിലെ  വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാണെന്നാണ് പെൻറഗൺ വിലയിരുത്തൽ. സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കൻ നടപടിയെ ഇറാൻ സൈനിക നേതൃത്വം രൂക്ഷമായി വിമർശിച്ചു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കിയതായി സർക്കാർ വ്യക്തമാക്കി. ഈ മാസം പതിനാലിനാണ് അരാംകോയുടെ രണ്ട് എണ്ണക്കേന്ദ്രങ്ങൾക്കു നേരേ ആക്രമണമുണ്ടായത്.