രാജ്യാന്തര ഫോട്ടോഗ്രഫി പ്രദർശനം ഷാർജയിൽ

രാജ്യാന്തര ഫോട്ടോഗ്രഫി പ്രദർശനത്തിനു ഷാർജയിൽ തുടക്കം. ഇന്ത്യക്കാരുൾപ്പെടെ വിവിധരാജ്യക്കാരായ ഫോട്ടോഗ്രാഫർമാരുടെ ആയിരത്തിലേറെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രദർശനം ഉദ്ഘാടനം ചെയ്തു. 

ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി പ്രദർശനത്തിനു യുഎഇയുടെ സാംസ്കാരിക നഗരിയിൽ തുടക്കമായി. വിവിധരാജ്യക്കാരായ 337 ഫോട്ടോഗ്രാഫർമാരുടെ 1112 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

സാഹസികത, ജീവിതം, വൈകാരികം, കല എന്നീ നാലു പ്രമേയങ്ങളിലാണ് പ്രദർശനം. ശിൽപശാലകൾ, സെമിനാറുകൾ, മൽസരങ്ങൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്. അൽ മജാസ് വാട്ടർ ഫ്രണ്ട്, ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദെയ്റ സിറ്റി സെന്റർ, മിർദിഫ് സിറ്റി സെൻറർ എന്നിവിടങ്ങളിലായി ഔട്ഡോർ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു ഷാർജ മീഡിയ ക‍ൗൺസിൽ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു. മലയാളിയായ സജിൻ ശശിധരൻ, കൊൽക്കത്ത സ്വദേശി സൻക കാർ എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.

നാലു ദിവസം നീളുന്ന പ്രദർശനം ഞായറാഴ്ച സമാപിക്കും. പ്രവേശനം സൌജന്യമാണ്.