ഖത്തറിൽ കനത്ത ചൂടു കുറയ്ക്കാൻ നീലനിറത്തിലുള്ള റോഡുകൾ

ഖത്തറിൽ കനത്ത ചൂടു കുറയ്ക്കാൻ നീലനിറത്തിലുള്ള റോഡുകൾ ഒരുക്കുന്നു. താപനില പതിനഞ്ചു ഡ്രിഗ്രിയിലധികം കുറയ്ക്കാനാകുമെന്ന പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പൊതുമരാമത്തു വകുപ്പ് ദോഹയിൽ നീല റോഡ് നിർമിച്ചത്. 

സൂഖ് വാഖിഫിന് സമീപം അബ്ദുല്ല ബിൻ ജാസിം സ്ട്രീറ്റിലെ റോഡിനാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നീല നിറം നൽകിയിരിക്കുന്നത്. റോഡിലെ ചൂട് 15 മുതൽ 20 ഡിഗ്രി സെൽഷ്യസ് കുറയ്ക്കാൻ നീലനിറം സഹായിക്കുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. നീല നിറം വാഹനങ്ങളുടെ ടയറുകൾക്ക് ഹാനികരമാകില്ലെന്ന് അഷ്ഗാൽ എൻജിനീയർ സാദ് അൽ ദോസരി പറഞ്ഞു. ജപ്പനീസ് കമ്പനിയുമായി ചേർന്നാണ് റോഡിന്റെ മുഖഛായ മാറ്റിയത്. 18 മാസം പരീക്ഷണാടിസ്ഥാനത്തിലാണ് റോഡിന് നീല നിറം നൽകിയിരിക്കുന്നത്. താപനില നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനം റോഡരികില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്.  കത്തറായിലെ സൈക്കിള്‍ ട്രാക്കിനും പരീക്ഷണാടിസ്ഥാനത്തില്‍ നീല പെയന്‍റടിച്ചിട്ടുണ്ട്. പരീക്ഷണം വിജയകരമായാൽ കൂടുതൽ റോഡുകൾ നീല നിറമണിയും. 2017ൽ അൽ ബിദ പാർക്ക് വികസന പദ്ധതിയുടെ ഭാഗമായി പാർക്കിന് സമീപത്തെ ഖത്തർ നാഷനൽ തിയറ്റർ മുതൽ അമീരി ദിവാൻ റൗണ്ട് എബൗട്ട് വരെയുള്ള റോഡിന് ചുവപ്പ് നിറം നൽകിയിരുന്നു.