‘ദിയ’മാരിൽ കേരളം കൈപിടിച്ചുയരുന്നു; ഇത്തവണയും കുടുക്ക പൊട്ടിച്ച് ആറുവയസുകാരി

മലയാളി കൂട്ടായ്മയുടെ സ്നേഹസ്പർശം ക്യാംപിലേയ്ക്ക് മാതാപിതാക്കളോടൊപ്പം നിറ ചിരിയുമായി ഒരു വിശിഷ്ട വ്യക്തിയെത്തി– ആറ് വയസുകാരി ദിയ ഖദീജ. മിഠായിയും കളിപ്പാട്ടവും വാങ്ങിക്കാൻ സൂക്ഷിച്ചുവച്ചിരുന്ന നാണയത്തുട്ട് പ്ലാസ്റ്റിക് കവറിലിട്ടായിരുന്നു ഇൗ നന്മക്കുട്ടിയുടെ വരവ്. തന്റെ കുടുക്കയിലുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും കൂട്ടായ്മയുടെ നാട്ടിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ദിയ കൈമാറിയപ്പോൾ അതു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പകർന്ന ഉൗര്‍ജം വളരെയേറെയായിരുന്നു.

ഷാർജ ജെംസ് മില്ലിനിയം സ്കൂളിൽ കെജി 2വിലാണ് ഈ കൊച്ചു മിടുക്കി പഠിക്കുന്നത്. കരുനാഗപ്പള്ളിക്കാരിയായ ദിയയുടെ പിതാവ് ഫുആദ് ജബൽ അലിയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ പ്രാവശ്യം ദിയ ഇതുപോലെ ക്യാംപിലെത്തി കുട്ടികൾക്കുള്ള അവശ്യ വസ്തുക്കൾ സംഭാവന ചെയ്തിരുന്നു. മാതാപിതാക്കൾ ദുരിതാശ്വാസ പ്രവർത്തനത്തിന് സംഭാവന നൽകുന്നത് കണ്ട് ദിയ തന്നെ തന്റെ കളിക്കുടുക്കയുമായി മുന്നോട്ടുവരികയായിരുന്നു. സുമയ്യയാണ് മാതാവ്.

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നടന്നുവരുന്ന മലയാളി കൂട്ടായ്മയുടെ സ്നേഹസ്പർശം ക്യാംപുകളെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കൂടുതൽ സജീവമായതായി പ്രവർത്തകർ പറഞ്ഞു. നാട്ടിലേയ്ക്ക് പോകുന്ന മലയാളികളുടെ കൈവശമാണ് അവശ്യ വസ്തുക്കൾ കൊടുത്തുവിടുന്നത്. സ്വന്തം ലഗേജുകൾ ഒഴിവാക്കിയാണ് മിക്കവരും ദുരിതാശ്വാസ വസ്തുക്കൾ കൊണ്ടുപോകുന്നത്.