ലേബർ ക്യാംപുകളിൽ റമസാൻ പുണ്യം; ഇഫ്താർ വിരുന്നൊരുക്കി മലയാളി കൂട്ടായ്മ

കേരളത്തിലെ കലാലയങ്ങളിൽ നിന്നുള്ള പങ്കുവയ്ക്കലിന്റെ പാഠം ഗൾഫിലെ തൊഴിലാളി ക്യാംപുകളിൽ പകർന്നു പൂർവവിദ്യാർഥികൾ. പൂർവവിദ്യാർഥി സംഘടനയായ അക്കാഫിന്റെ നേതൃത്വത്തിലാണ് ലേബർ ക്യാംപുകളിൽ റമസാനിലെ എല്ലാ ദിവസവും ഇഫ്താർ വിരുന്നൊരുക്കുന്നത്.  

റമസാൻ പകരുന്ന സഹോദര്യത്തിന്റെയും പങ്കുവയ്ക്കലിൻറേയും സന്ദേശം മുപ്പതിനായിരത്തിലധികം പേരിലേക്കു പകർന്നതിൻറെ സന്തോഷത്തിലാണ് അക്കാഫ്. റമാസൻ നോമ്പു തുടങ്ങിയതു മുതൽ യുഎഇയിലെ വിവധ ലേബർ ക്യാംപുകളിലായി ഇഫ്താർ വിരുന്നൊരുക്കുകയാണ് കേരളത്തിലെ കോളജുകളിലെ പൂർവവിദ്യാർഥികളുടെ സംഘടന. 

ഇതാദ്യമായാണ് അക്കാഫ് വളന്റിയർസ് ഗ്രൂപ്പ് റമസാനിലെ എല്ലാ ദിവസങ്ങളിലും ഇഫ്താർ കിറ്റ് വിതരണം നടത്തുന്നത്. സിഡിഎ യുടെ നിർദേശപ്രകാരമാണ് അക്കാഫ് സേവനം ഏറ്റെടുത്തത്. ഭാരവാഹികളായ പോൾ.ടി.ജോസഫ്, എ.വി ചന്ദ്രൻ, സിഡിഎ ഡയറക്ടർ ജനറൽ അഹമ്മദ് ജൽഫാർ, സിഡിഎ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇഫ്താറിൻറെ ഭാഗമായി.