വിശ്വാസികൾക്കായി ഷാർജയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി തുറന്നു കൊടുത്തു

Image Credit: WAM

ഷാർജയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. മസ്ജിദു ഷാർജ എന്ന പേരിട്ടിരിക്കുന്ന പള്ളിയിൽ ഇരുപത്തയ്യായിരം പേർക്കു നമസ്കരിക്കാൻ സൌകര്യമുണ്ട്. എല്ലാ മതസ്ഥർക്കും മസ്ജിദ് സന്ദർശിക്കാവുന്നതാണ്.

മസ്ജിദു ഷാർജ എന്ന പേരിൽ എമിറേറ്റ്സ് റോഡിനും മലീഹ റോഡിനും സമീപം അല്‍തായിലാണ് പള്ളി നിർമിച്ചിരിക്കുന്നത്. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു നടന്ന പ്രാർഥനകളിലും ഷെയ്ഖ് മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു. 

തുര്‍ക്കിയിലെ പള്ളികളുടെ ഒട്ടോമന്‍ ശില്‍പകലാമാതൃകയിലാണ് മസ്ജിദിന്റെ നിര്‍മാണം. പൂന്തോട്ടമുള്‍പ്പെടെ 1,86,000 ചതുരശ്രമീറ്ററിലാണ് നിർമാണം. പ്രധാനഹാളില്‍ 5000 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാം. സ്ത്രീകള്‍ക്കായി പ്രത്യേകം ഇടവും ഒരുക്കിയിട്ടുണ്ട്. ഇമാമിനും ജീവനക്കാര്‍ക്കുമുള്ള നടപ്പാതകളും പള്ളിയുടെ ഭാഗമാണ്. 2014 ലാണ് ഈ പള്ളിയുടെ നിര്‍മാണത്തിന് ഷാര്‍ജ ഭരണാധികാരി ഉത്തരവിട്ടത്. മസ്ജിദു ഷാര്‍ജയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രണ്ട് നാണയങ്ങളും യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി.