ദുബായിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ 41% വർധന

ദുബായിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നാൽപ്പത്തിയൊന്നു ശതമാനം വർധന. 2018ല്‍ 3,850 കോടിയുടെ നിക്ഷേപമാണ് ദുബായില്‍ എത്തിയത്. രാജ്യാന്തര ബിസിനസ് മാധ്യമം പുറത്തിറക്കിയ പട്ടികയിലാണ് ദുബായുടെ കുതിപ്പ് വ്യക്തമാക്കുന്നത്. 

ഏറ്റവുമധികം വിദേശനിക്ഷേപം നടക്കുന്ന നഗരമായാണ് ദുബായ് തിരഞ്ഞെടുക്കപ്പെട്ടത്. ദുബായിലെ വിദേശനിക്ഷേപത്തിൽ രണ്ടായിരത്തിപതിനേഴിനേക്കാൾ 41 ശതമാനം വർധനയാണ് 2018 ൽ ഉണ്ടായിരിക്കുന്നത്. ഗൾഫ് നാടുകളിൽ ജോലി പിരിച്ചുവിടുന്നതടക്കമുള്ള അസ്ഥിരതകൾക്കിടെയാണ് നിക്ഷേപം വർധിക്കുന്നതായുള്ള കണക്കുകൾ. 

ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച ടോപ് എഫ്.ഡി.ഐ പെർഫോമേഴ്സ് ലിസ്റ്റിലാണ് റിപ്പോർട്ട്. പാരീസ്, ലണ്ടൻ, ഡബ്ലിൻ, സിംഗപ്പൂർ എന്നീ നഗരങ്ങളേക്കാൾ മുന്നിലാണ് ദുബായ്. ഡിജിറ്റൽ ഇക്കണോമി, എയ്റോ സ്പെയ് എന്നിവയിലും ദുബായ് ലോകത്തിലെ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് കൈവരിച്ച നേട്ടത്തിൽ കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൌൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുബാറഖ് അൽ മഖ്തും സന്തോഷം പ്രകടിപ്പിച്ചു. താമസ ഭക്ഷണ സേവന രംഗങ്ങളിലാണ് വിദേശനിക്ഷേപം കൂടുതൽ. വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണ രംഗങ്ങളിൽ 15 ശതമാനമാണ് നിക്ഷേപം.  സാമ്പത്തിക, ഇൻഷുറൻസ് രംഗങ്ങളിൽ നാലു ശതമാനം നിക്ഷേപം നടന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.