ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ കൂട്ടി

അവധിക്കാലമെത്തിയതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്കിൽ വൻ വർധന. എല്ലാ അവധിക്കാലത്തും വിമാന നിരക്കുകളിൽ വർധന ഉണ്ടാകാറുണ്ടെങ്കിലും ഇത്രയധികം ആദ്യം. 6,000 മുതൽ 12,000 വരെയായിരുന്നു കഴിഞ്ഞ മാസങ്ങളിലെ നിരക്ക്. എന്നാൽ ദുബായിലേക്ക് 69,000, ദോഹയിലേക്ക് 88,000 എന്നിങ്ങനെ കഴുത്തറപ്പൻ നിരക്കുകളാണ് ഏപ്രിൽ മുതൽ നിലവിൽ വരിക. കുവൈത്ത്, ദമാം, ഷാർജ, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പുതിയ നിരക്ക് 20,000 മുതൽ 40,000 വരെയാണ്.

റിയാദിലേക്ക് 40,000 മുതൽ 50,000 വരെയും. സ്കൂളുകൾ അടച്ചു വേനലവധി ആരംഭിച്ചതോടെയാണു നിരക്കുകൾ‍ വർധിപ്പിച്ചത്.എയർ ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്‌സ്, സ്പൈസ് ജെറ്റ്, ഇത്തിഹാദ്, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, സൗദി എയർലൈൻസ്, ഒമാൻ എയർ,ഗൾഫ് എയർ എന്നിങ്ങനെയുള്ള പ്രധാന കമ്പനികളെല്ലാം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. ഇക്കോണമി ക്ലാസിൽ ടിക്കറ്റുകൾ കിട്ടാനില്ല എന്നു പരാതികളുണ്ട്.

വർധന പിൻവലിക്കണം: മുഖ്യമന്ത്രി

കേരളത്തിൽ നിന്നു ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രാക്കൂലി കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ േകന്ദ്രമന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. ഗൾഫ് നാടുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ അവധിയാണ്. ഈ വേളയിൽ വലിയ തോതിൽ മലയാളികൾ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. 200 മുതൽ 400% വരെയാണ് എയർലൈൻ കമ്പനികൾ നിരക്കു കൂട്ടിയത്. ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട ഏതാനും വിമാനങ്ങൾ സുരക്ഷാ കാരണങ്ങളാൽ പിൻവലിച്ചിട്ടുണ്ടെങ്കിലും അതൊന്നും ചാർജ് വർധനയ്ക്കു ന്യായീകരണമല്ല. യാത്രക്കൂലി വർധിപ്പിക്കരുതെന്നു സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. യാത്രക്കാർ കൂടുതലുള്ള ഇപ്പോഴത്തെ സാഹചര്യം മുതലാക്കാൻ വിമാന കമ്പനികൾ ശ്രമിക്കുകയാണ്. ഗൾഫിൽ പണിയെടുക്കുന്ന മലയാളികൾ ചുരുങ്ങിയ വേതനം ലഭിക്കുന്നവരാണെന്നും ഇപ്പോഴത്തെ നിരക്കു താങ്ങാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.