സൗദിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കായി ഇവന്റ് വീസ

സൗദിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കായി ഇവൻറ് വീസ ഏർപ്പെടുത്താൻ തീരുമാനം. വിനോദസഞ്ചാരമേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് നടപടി. അപേക്ഷ ലഭിച്ചു ഇരുപത്തിനാലു മണിക്കൂറിനകം ഇവൻറ് വീസ അനുവദിക്കും.രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, വ്യവസായ പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം വീസ അനുവദിക്കുന്നതാണ് ഈവന്റ് വിസ പദ്ധതി. ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി സൗദിയെ മാറ്റാന്‍ ലക്ഷ്യമിട്ടാണ് നടപടി.  അതാതു രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും അപേക്ഷ സമർപ്പിച്ചു 24 മണിക്കൂറിനകം തന്നെ വീസ നല്‍കുമെന്നും സൌദി ക്യാബിനറ്റ് വ്യക്തമാക്കി. ആഭ്യന്തരം, വാണിജ്യം, നിക്ഷേപം, സംസ്കാരം എന്നീ മന്ത്രാലയങ്ങൾ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

സൗദിയിലെ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, ജനറല്‍ എന്‍റര്‍ടൈന്‍മെന്റ് അതോറിറ്റി എന്നിവ പരിപാടികളുടെ വിശദവിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. രണ്ട് മാസം മുന്‍പെങ്കിലും വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ചായിരിക്കും എംബസികളിലും കോണ്‍സുലേറ്റുകളിലും വീസ അനുവദിക്കുക. സന്ദര്‍ശക വിസയ്ക്ക് സമാനമായ ഫീസ് ഈടാക്കും.