നഴ്സിങ് റിക്രൂട്മെൻറ് വിപുലീകരിക്കാൻ പ്രത്യേകപദ്ധതിയുമായി നോർക്ക റൂട്സ്

ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്മെൻറ് വിപുലീകരിക്കാൻ പ്രത്യേകപദ്ധതിയുമായി നോർക്ക റൂട്സ്. രണ്ടാഴ്ചയിലൊരിക്കൽ റിക്രൂട്മെൻറ് നടത്തുന്ന എക്സ്പ്രസ് സേവന പദ്ധതിക്കു തുടക്കമായി. അതേസമയം, കുവൈത്തിലേക്കു ഗാർഹികതൊഴിലാളികളെ റിക്രൂട്മെൻറ് ചെയ്യാനുള്ള നടപടികളും തുടങ്ങി.

നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്മെൻറ് സേവനം വേഗത്തിൽ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോർക്ക റൂട്സിൻറെ പുതിയ പദ്ധതി. സൌദി അൽമൌവാസാറ്റ് ആശുപത്രിയിലെ എച്ച്.ആർ മേധാവിയുമായി നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി വിഡിയോ കോൺഫറൻസിലൂടെയാണ് നടപടികൾക്കു തുടക്കമിട്ടത്. ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴിൽ ദാതാക്കളുമായി ഉദ്യോഗാർഥികളെ നേരിട്ട് ബന്ധപ്പെടുത്തുന്ന സേവനമായ എക്സ്പ്രസ് റിക്രൂട്മെൻറ് രണ്ടാഴ്ചയിലൊരിക്കൽ നടക്കും. അതേസമയം, കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾ, കെയർ ടേക്കർ, തയ്യൽക്കാർ എന്നീ തസ്തികകളിലേക്കു നോർക്ക റൂട്സ് മുഖേന റിക്രൂട്മെൻറ് ഉടൻ തുടങ്ങും. മുപ്പതിനും നാൽപ്പതിനും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. ഇരുപത്തെണ്ണായിരം മുതൽ നാൽപ്പതിനായിരം വരെയാണ് ശമ്പളം. താൽപര്യമുള്ളവർക്ക് norkadsw@gmail.com എന്ന വിലാസത്തിലേക്ക് ഈ മാസം ഇരുപത്തെട്ടിനു മുൻപു വിശദവിവരങ്ങൾ ഇ മെയിൽ ചെയ്യാം.