യുഎഇയിൽ ഇടിവെട്ടോടെ കനത്ത മഴ; ഒപ്പം ആലിപ്പഴ വർഷവും; വിഡിയോ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ പെയ്തു. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളില്‍ മഴ ലഭിച്ചു. ദുബായിലെ അൽ റുവയ്യ ഏരിയയിലാണ് ഏറ്റവുമധികം മഴ പെയ്തെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായിരുന്നു. താപനില ഏറെ കുറഞ്ഞു. ജബൽ ജെയ്സ് മലനിരകളിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 9.9 ഡിഗ്രി സെൽഷ്യസ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. പലഭാഗങ്ങളിലും ആകാശം ഇപ്പോഴും മേഘാവൃതമാണ്. കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മിക്കയിടത്തും റോഡുകളിൽ മഴവെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾ പതുക്കെയായിരുന്നു സഞ്ചരിച്ചത്. രാവിലെ സ്കൂളുകളിലേക്കും ജോലി സ്ഥലത്തേയ്ക്കും പുറപ്പെട്ടവർ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ദുബായ് പൊലീസും അബുദാബി പൊലീസും മുന്നറിയിപ്പ് നൽകി.