ലോകത്തിനു സഹവർത്തിത്വത്തിൻറെ മാതൃകയാണ് യു.എ.ഇയെന്നു ഫ്രാൻസിസ് മാർപാപ്പ

ലോകത്തിനു സഹവർത്തിത്വത്തിൻറെ മാതൃകയാണ് യു.എ.ഇയെന്നു ഫ്രാൻസിസ് മാർപാപ്പ. അബുദാബി സന്ദർശനത്തിനു മുന്നോടിയായി യു.എ.ഇയെ അഭിസംബോധന ചെയ്തുള്ള സന്ദേശത്തിലാണ് മാർപാപ്പയുടെ പ്രസ്താവന. വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാവരും സഹോദരങ്ങളാണെന്നും യു.എ.ഇ ജനതയ്ക്കായുള്ള സന്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കി.

അസ്സലാമും അലൈക്കും എന്ന അഭിസംബോധനയോടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം തുടങ്ങുന്നത്. വിവിധസംസ്കാരത്തിലുള്ളവർ സഹവർത്തിത്വത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന യുഎഇയിലേക്കെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മാർപാപ്പ പറയുന്നു. സമാധാനത്തോടെ ജോലി ചെയ്യാനും ഭിന്നതകളും വ്യത്യാസങ്ങളും മറന്നു സ്വാതന്ത്ര്യത്തോടെ ജീവിക്കാനും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുമുള്ള രാജ്യമാണ് യുഎഇയെന്നും മാർപ്പാപ്പ സന്ദേശത്തിൽ വ്യക്തമാക്കുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ പ്രബോധനം മാർപാപ്പ ഓർമിപ്പിക്കുന്നു. 

വിവിധ മതങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു ക്ഷണിച്ച അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനു മാർപാപ്പ നന്ദി പറഞ്ഞു. ഒപ്പം യു.എ.ഇയുടെ എല്ലാ ഭരണാധികാരികൾക്കും അവരുടെ കരുതലിനും  നന്ദിയർപ്പിച്ചു. എല്ലാവരുടേയും പ്രാർഥന ആവശ്യപ്പെട്ടുകൊണ്ടാണ് മൂന്നു മിനിട്ടു നീളുന്ന സന്ദേശം അവസാനിപ്പിക്കുന്നത്. അതേസമയം, പരിശുദ്ധ പിതാവിനെ ഊഷ്മളതയോടെ സ്വാഗതം ചെയ്യുന്നതായും സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും അബുദാബി കിരീടാവകാശി ട്വിറ്ററിൽ കുറിച്ചു.