ഗൾഫിൽ നിന്നും മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്ക് ഏകീകരിച്ചു; ആശ്വാസമാകില്ലെന്ന് പ്രവാസികൾ

ഗൾഫിൽ നിന്നും നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്ക് എയർ ഇന്ത്യ ഏകീകരിച്ചു. നാളെ തുടങ്ങി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഒരേ നിരക്കായിരിക്കും. എന്നാൽ, നിരക്ക് ഏകീകരിച്ചതോടെ മുൻപുള്ളതിനേക്കാൾ ഫീസ് നൽകേണ്ടി വരുമെന്നാണ് പ്രവാസികളുടെ പരാതി.

മൃതദേഹം തൂക്കി നിരക്കു നിശ്ചയിച്ചിരുന്ന അപരിഷ്‌കൃത രീതിക്കാണ് അവസാനമാകുന്നത്. യു.എ.ഇയിൽ നിന്നും പന്ത്രണ്ട് വയസിൽ താഴെയുള്ളവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എഴുനൂറ്റിഅൻപത് ദിർഹമാണ് പുതിയ നിരക്ക്. പന്ത്രണ്ട് വയസിനു മുകളിലുള്ളവരുടേതിന് ആയിരത്തിഅഞ്ഞൂറു ദിർഹവും. സൗദിയിൽ നിന്നു രണ്ടായിരത്തി ഇരുന്നൂറു റിയാലും കുവൈത്തിൽ നിന്നു നൂറ്റിഎഴുപത്തിയഞ്ച് ദിനാറും ഖത്തറിൽ നിന്നു രണ്ടായിരത്തി ഇരുന്നൂറു റിയാലും ഒമാനിൽ നിന്നു  160 റിയാലും  ബഹറൈനിൽ നിന്നു 225 ദിനാറുമാണ് പുതിയ നിരക്ക്. എന്നാൽ ഇതിനു പുറമെ കസ്റ്റംസ് ഫീസും ഹാൻഡ്ലിങ് ചാര്ജും നൽകുമ്പോൾ നിരക്ക്  മുൻപുള്ളതിനേക്കാൾ വർധിക്കുമെന്നാണ് പ്രവാസികളുടെ പരാതി.

പാകിസ്‌ഥാൻ അടക്കമുള്ള  രാജ്യങ്ങളിലേതു പോലെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഇനിയെങ്കിലും മുന്നോട്ടു വരണമെന്നാണ് പ്രവാസികളുടെ ആവശ്യം.