ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു. ജനുവരി ഒന്നു മുതല്‍ ഒപെകില്‍ നിന്നു പിന്‍മാറുമെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍ കാബി പറഞ്ഞു. പ്രകൃതിവാതക ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌റെ ഭാഗമായാണു പിന്‍മാറ്റം.

1961 ൽ ഒപെകിൽ അംഗമായ ഖത്തറിൻറെ പിൻമാറ്റം, ഗൾഫ് രാജ്യങ്ങളേർപ്പെടുത്തിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തിലാണെന്നതാണ് ശ്രദ്ധേയം. എൽ.എൻ.ജി ഉല്‍പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താനുള്ള തീരുമാനത്തിൻറെ ഭാഗമായാണ് എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നു പിൻമാറാൻ കാരണമെന്നാണ് ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍ കാബിയുടെ വിശദീകരണം. ഇറാനെതിരെ യു.എസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് ഖത്തർ പ്രകൃതിവാതക ഉൽപ്പാദനം കൂട്ടുന്നത്. എൽ.എൻ.ജി രംഗത്തെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടുള്ള പ്രത്യേക നയത്തിൻരെ ഭാഗമായാണ് തീരുമാനം. അതേസമയം, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഒപെക് രാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനിടെയാണ് ഖത്തറിന്റെ നടപടി. സ്വന്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാന്‍ ഒപെകിലെ അംഗത്വം തടസമാകുന്നുവെന്നതിനാലാണ് പിൻമാറ്റമെന്നും വിലയിരുത്തലുണ്ട്. ഒപ്പം എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയിലില്ലാത്ത ഇറാനുമായി ഖത്തർ പക്ഷം ചേരുമോയെന്ന ആശങ്കയും അറേബ്യൻ രാജ്യങ്ങൾക്കുണ്ട്.