പൊതുമാപ്പ് ലഭിച്ചവർക്ക് ആറുമാസ കാലാവധി അനുവദിച്ച് യു.എ.ഇ

യു.എ.ഇയിൽ പൊതുമാപ്പ് ലഭിച്ചവർക്ക് അനുവദിച്ചിരിക്കുന്ന ആറു മാസത്തെ വീസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആറു മാസത്തെ വീസ ലഭിച്ചവർ കാലാവധി പൂർത്തിയാകും മുൻപ് രാജ്യം വിട്ടാൽ വീസ റദ്ദാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് നാഷണാലിറ്റി അധികൃതർ വ്യക്തമാക്കി. 

പൊതുമാപ്പ് ലഭിച്ചവർക്ക് രാജ്യം വിടാതെ ജോലി കണ്ടെത്താൻ അവസരമൊരുക്കിയാണ് ആറു മാസത്തെ വീസ അനുവദിച്ചിരിക്കുന്നത്. അറുനൂറ് ദിർഹമാണ് ഇതിൻറെ ഫീസ്. എന്നാൽ, ഈ താൽക്കാലിക വീസയുള്ളവർ ആറു മാസത്തനിടയ്ക്ക് രാജ്യം വിട്ടാൽ പിന്നെ പുതിയ വീസയിൽ മാത്രമേ മടങ്ങിയെത്താനാകൂവെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് നാഷണാലിറ്റിയുടെ റെസിഡൻസ് അഫയേഴ്സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സയിദ് റക്കാൻ അൽ റാഷിദ് വ്യക്തമാക്കി. 

താൽക്കാലിക വീസയുള്ളവർക്ക് റസ്ഡൻസ് വീസയുടെ അവകാശങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. ഒപ്പം ജോലി കണ്ടെത്തി എംപ്ളോയ്മെൻറ് വീസ ലഭിക്കുംവരെ ജോലി ചെയ്യാനും അനുവാദമുണ്ടാകില്ല. ആറുമാസത്തെ താൽക്കാലിക വീസയിലുള്ളവർക്ക് നാട്ടിൽ പോയി തിരികെ വരാനാകുമെന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഡിസംബർ ഒന്നുവരെ നീട്ടിയിട്ടുണ്ട്.