എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ

എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സൌദി അറേബ്യ. അടുത്തമാസം തുടങ്ങി പ്രതിദിനം അഞ്ചുലക്ഷം ബാരലായി കുറയ്ക്കും. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ മാത്രമായി ആകെ ഉൽപ്പാദനം പരിമിതപ്പെടുത്തണമെന്ന്‌ എണ്ണയുൽപ്പാദക രാജ്യങ്ങളോട് സൗദി  ആവശ്യപ്പെട്ടു.

വിലയിൽ കുറവു  വന്നസാഹചര്യത്തിലാണ് എണ്ണ ഉൽപ്പാദനം കുറയ്ക്കുന്നതായി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ സൌദി അറേബ്യ പ്രഖ്യാപിച്ചത്. വിപണിയിലെ ആവശ്യം മനസിലാക്കിയാണ് ഉൽപ്പാദനം കുറയ്ക്കുന്നതെന്നും വിപണിസന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും സൌദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. അടുത്തവർഷം ആദ്യം തുടങ്ങി എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ അബുദാബിയിൽ ചേർന്ന ഒപെക് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. 

ഇതിന്റെ ചുവടുപ്പിടിച്ചാണ് സൗദി ഊര്‍ജ മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം, ഉൽപ്പാദനം കുറയ്ക്കരുതെന്ന റഷ്യയുടെ നിർദേശം തള്ളിയാണ് സൌദി നിലപാട് വ്യക്തമാക്കിയത്. സൌദിയുടെ പ്രഖ്യാപനത്തോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നു.

യുഎസ് ഉപരോധത്തെതുടർന്ന് ഇറാനിൽ നിന്നു എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദനം വർധിപ്പിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ, ചൈന തുടങ്ങി എട്ടു രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് സൌദി എണ്ണ ഉൽപ്പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.