ഇന്ത്യയിൽ എണ്ണ സംഭരണത്തിൻറെ രണ്ടാം ഘട്ടത്തിനൊരുങ്ങി അഡ്‌നോക്ക്

ഇന്ത്യയിൽ എണ്ണ സംഭരണത്തിൻറെ രണ്ടാം ഘട്ടത്തിനൊരുങ്ങി അബുദാബി നാഷണൽ ഓയിൽ കമ്പനി. കർണാടകയിലെ പാഡൂരിൽ ഐ.എസ്.പി.ആർ.എല്ലിൻറെ ഭൂഗർഭ എണ്ണസംഭരണശാലയിൽ ക്രൂഡ് ഓയിൽ സൂക്ഷിക്കാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കരാറിൽ ഇന്ത്യയും അഡ്നോക്കും ഒപ്പുവച്ചു.

അബുദാബിയിൽ ഇന്ത്യയുടെ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും അഡ്നോക്ക് അധികൃതരുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.

അബുദാബി നാഷണൽ ഓയിൽ കമ്പനി, ഇൻഡ്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവേഷൻസ് ലിമിറ്റഡുമായി സഹകരണം ശക്തമാക്കുന്നതാണ് കരാർ. കർണാടകയിലെ പാഡൂരിലെ സംഭരണശാലയിൽ ഒരു കോടി എഴുപതു ലക്ഷം ബാരൽ എണ്ണ സംഭരിക്കാനുള്ള ശേഷിയുണ്ട്.

ഇവിടെ അഡ്നോക്കിൻറെ എണ്ണ സംഭരിക്കാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതാണ് കരാർ. ഇന്ത്യയുമായി ഊര്‍ജ രംഗത്തെ പങ്കാളിത്തം അഡ്‌നോകിന് വലിയ വിപണി സാധ്യതയാണ് തുറന്നിരിക്കുനന്തെന്നു അഡ്നോക്ക് സി.ഇ.ഒയും യു.എ.ഇ സഹമന്ത്രിയുമായ സുൽത്താൻ അഹ്മദ് അൽ ജാബെർ പറഞ്ഞു. ഇന്ത്യയെ പൂര്‍ണഊര്‍ജ സുരക്ഷ കൈവരിക്കാന്‍ സഹായിക്കുന്ന കരാറാണിതെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ത്യയുടെ തന്ത്രപ്രധാന സംഭരണ പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന ആദ്യ രാജ്യമായ യു.എ.ഇയുടെ രണ്ടാമത്തെ എണ്ണസംഭരണ കരാറാണിത്. 58.6 ലക്ഷം ബാരലൽ ശേഷിയുള്ള മംഗലാപുരത്തെ സംഭരണശാലയിലിൽ എണ്ണ സംഭരണം ഈ വർഷം മെയിൽ തുടങ്ങിയിരുന്നു. അബുദാബിയിൽ രാജ്യാന്തര പെട്രോളിയം സമ്മേളനത്തിനിടെയാണ് കരാർ ഒപ്പിട്ടത്.