ദുബായിൽ റോഡിലൂടെ പോകുന്നവർക്ക് ആയിരം ദിർഹം: വിഡിയോ വൈറൽ: പൊലീസ് അന്വേഷണം

ദുബായിൽ ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ‌അ‍ജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നടക്കുന്നത് സ്വപ്നമാണോ യാഥാർത്ഥ്യമാണോയെന്ന് പലർക്കും സംശയമുണ്ടായിരുന്നു.  റോഡരികിൽ നിന്ന് രണ്ടു സ്വദേശി യുവാക്കൾ ആയിരം ദിർഹം വീതം വഴിപോക്കർക്ക് വിതരണം ചെയ്യുന്നു!! നടന്നുപോകുന്ന വനിതകളടക്കമുള്ള വിദേശികൾക്കാണു സമ്മാനമായി പണം വിതരണം ചെയ്യുന്നത്. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന ഫിലിപ്പീനി യുവതികളും മലയാളി യുവാക്കളുമെല്ലാം ദിർഹം വാങ്ങി പോക്കറ്റിലിട്ടു നടന്നുപോകുന്നു.

ജുമാറ ബീച്ച് റെസിഡൻസിനടുത്ത് ഒരു വൈകുന്നേരം പണം വിതരണം ചെയ്യുന്ന വിഡിയോ ആണ് പ്രചാരത്തിലുള്ളത്. മലയാളികളടക്കമുള്ള ഇന്ത്യക്കാർ, ഫിലിപ്പീനികൾ, ടാക്സി ഡ്രൈവർമാർ, കാൽനട‌ക്കാർ, ഡെലിവറി ബോിയമാർ തുടങ്ങിയവർക്കെല്ലാം പണം വിതരണം ചെയ്തിട്ടുണ്ട്. 

ഇടയ്ക്ക് ഒരു യുവതി, 'ഒൺലി ഇൻ ദുബായ്' എന്ന് അത്ഭുതം കൂറുന്നതും കേൾക്കാം. മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്ന ഡെലിവറി ബോയിമാരും ടാക്സി ഡ്രൈവർമാരുമെല്ലാം വാഹനം റോഡരികിൽ നിർത്തി പണം വാങ്ങിച്ചു പോകുന്നുണ്ട്. ഇടയ്ക്ക് ഒരു യുവാവ് എന്തിനാണ് ഇൗ പണം എന്ന് ചോദിക്കുമ്പോൾ, ഷെയ്ഖ് മുഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ സമ്മാനമെന്നാണ് സ്വദേശി യുവാക്കൾ നൽകുന്ന മറുപടി. 

മുറി ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഇവർ ആളുകളോട് സംസാരിക്കുന്നത്. ചിലർ അപൂർവരംഗം മൊബൈലിൽ പകർത്തി. പശ്ചാത്തലത്തിൽ ദുബായ് ട്രാമും പബ്ലിക് ബസുകളും കടന്നുപോകുന്നുണ്ട്. എന്നാൽ, ഇതെപ്പോഴാണ് സംഭവിച്ചതെന്നോ, വിഡിയോയുടെ യാഥാർഥ്യമെന്തെന്നോ വ്യക്തമായിട്ടില്ല. റമസാനിൽ സമ്പന്നർ ആളുകൾക്ക് സക്കാത്ത് വിതരണം ചെയ്യാറുണ്ട്. പക്ഷേ, ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. വിഡോയ വൈറൽ ആകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ സംഭവത്തിൽ െപാലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോയെക്കുറിച്ച് പഠിച്ച് വരികയാണെന്നും യുവാക്കളെ കണ്ടെത്തി കാര്യം അന്വേഷിക്കുമെന്നും ദുബായ് പൊലീസ് അറിയിച്ചു.