ആദ്യമായി ദുബായ് കാണാനെത്തി, വിലപിടിപ്പുള്ളത് എല്ലാം നഷ്ടപ്പെട്ടു; രക്ഷകരായി ദുബായ് പൊലീസ്

ആദ്യമായി ദുബായ് കാണാനെത്തിയ വിനോദ സഞ്ചാരിയുടെ പണവും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. ദുബായ് പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അത് തിരികെ ലഭിക്കുകയും ചെയ്തു. ഡെയ്ൻ മരിയ ഇർവിൻ എന്ന യുഎസ് വിനോദ സഞ്ചാരിയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, പണം, പാസ്പോർട്ട്, മറ്റു യാത്ര രേഖകൾ എന്നിവയായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി ആദ്യം ഡെയ്ൻ. പിന്നീടാണ് ദുബായ് പോർട്ട് പൊലീസിനെ വിവരം അറിയിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തത്. 

വിലപ്പെട്ട രേഖകൾ എല്ലാം നഷ്ടമായെന്നും യുഎഇയിൽ തനിക്ക് പരിചയക്കാരോ ബന്ധുക്കളോ ഇല്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ഇവർ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഉടൻ തന്നെ ദുബായ് പൊലീസ് സംഘം നിസ്സഹായയായ യുവതിയെ സഹായിക്കാൻ തയാറായി. എവിടെയെല്ലാമാണ് സഞ്ചരിച്ചതെന്നു ചോദിച്ച പൊലീസ് യുവതി യാത്ര ചെയ്ത വഴികളിലൂടെയെല്ലാം വീണ്ടും പോകാൻ തീരുമാനിച്ചു. ദുബായിൽ ലിമോസിൻ കാറിലാണ് യാത്ര ചെയ്തതെന്ന് യുവതി പറഞ്ഞു. ഉടൻ തന്നെ പൊലീസ് ഈ കാറ് കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തെങ്കിലും പഴ്സ് കണ്ടെത്താനായില്ല.

തുടർന്ന് യുവതി സന്ദർശിച്ച ബുർജ് ഖലീഫയിലെ റസ്റ്ററന്റും ജുമൈറ ഹോട്ടലിനു സമീപത്തെ ഉം സ്ക്വിം ബീച്ചിലും തിരച്ചിൽ നടത്തി. ബർ ദുബായ് പൊലീസ് സ്റ്റേഷനിലെ ‘ലോസ്റ്റ് ആൻഡ് ഫൗണ്ടിലും’ (കളഞ്ഞു കിട്ടുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം) പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ, അവിടംകൊണ്ട് അവസാനിപ്പിക്കാൻ ദുബായ് പൊലീസ് തയാറായില്ല. യുവതി പിന്നീട് സന്ദർശിച്ച അർമാനി ഹോട്ടലിലെ ‘ലോസ്റ്റ് ആൻഡ് ഫൗണ്ട്’ വിഭാഗം പരിശോധിച്ചപ്പോൾ അവിടെ ഒരു മൂലയ്ക്ക് യുവതിയുടെ പഴ്സ് കിടക്കുന്നത് കണ്ടു. പരിശോധനയിൽ അത് നഷ്ടപ്പെട്ട പഴ്സ് ആണെന്നും രേഖകളും പണവും നഷ്ടപ്പെട്ടില്ലെന്നും യുവതി സ്ഥിരീകരിച്ചു. സന്തോഷം അടക്കാൻ സാധിക്കാതിരുന്ന യുവതി പൊലീസിന്റെ ആത്മാർഥമായ സേവനത്തിന് നന്ദി പറഞ്ഞു