ദുരിതാശ്വാസ ഫണ്ടിൽ ഒരു തുള്ളി സാന്ത്വനമായി ഇഷാലിന്റെ 200 ദിർഹം

കേരളത്തിലെ പ്രളയ വാർത്തകൾ അറിഞ്ഞുകൊണ്ടിരുന്നപ്പോൾ എട്ടു വയസുകാരൻ ഇഷാൽ ഷാ സ്വയം ഒരു തീരുമാനമെടുത്തു, താൻ സൂക്ഷിച്ചുവച്ചിരിക്കുന്ന സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകുമെന്ന്. അവൻ ആരോടും പറയാതെ, ചെന്ന് അതെടുത്തു എണ്ണി നോക്കി, കറൻസികളും നാണയങ്ങളുമായി കൃത്യം 200 ദിർഹം.  ബാപ്പ നജീബ് ഷാഹുൽ ഹമീദിനെ ഏൽപിച്ചുകൊണ്ട് പറഞ്ഞു, എത്രയും പെട്ടെന്ന് ഇത് അയച്ചോളൂ.

സമൂഹത്തിന് മാതൃകയായ ദുബായ് ഔവർ ഒാൺ ഹൈസ്കൂളിലെ  ഇൗ മൂന്നാം ക്ലാസ് വിദ്യാർഥി സഹജീവികളോട് കരുണ കാണിക്കുന്നതിൽ എന്നും താത്പര്യം കാണിക്കാറുണ്ടെന്ന് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ കൊല്ലം പത്തനാപുരം സ്വദേശിയായ പിതാവ് നജീബ് ഷാഹുൽ ഹമീദും മാതാവ് സിജി നജീബും പറയുന്നു. ഷോപ്പിങ്ങിനോ മറ്റോ പോകുമ്പോൾ റോഡരികിൽ ചെരുപ്പുകുത്തികളെ കണ്ടാൽ വാപ്പാ, അയാൾക്കെന്തെങ്കിലും കൊടുക്കൂ എന്ന് പറയും. 

കേരളത്തിൽ പ്രളയക്കെടുതിയാണെന്നറിഞ്ഞതു മുതൽ ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമെല്ലാം ലഭിക്കുന്ന വാർത്തകൾ കണ്ടുകൊണ്ടിരിക്കുന്നു. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവരെ കണ്ട് അവന്റെ കണ്ണുനിറയുന്നത് കണ്ടിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. വീട്ടിൽ ശുചീകരണത്തിന് സഹായിക്കുമ്പോഴും കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോളും ലഭിക്കുന്ന ചില്ലറത്തുട്ടുകൾ 2016 മുതൽ സ്വരൂപിച്ചുവച്ചതാണ് ഇഷാൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് സംഭാവന നൽകിയിരിക്കുന്നത്. സ്കൂൾ തുറന്നാൽ കൂട്ടുകാരെയും ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണമയക്കാൻ പ്രേരിപ്പിക്കാനാണ് കൊച്ചു മിടുക്കന്റെ തീരുമാനം.