മക്കളുടെ കല്യാണത്തിനും നാട് കണ്ടില്ല; ഒടുവിൽ പൊതുമാപ്പിൽ മലയാളി നാട്ടിലേക്ക്

ഇളയ മകളുടെ വിവാഹത്തിനെങ്കിലും പങ്കെടുത്ത് അനുഗ്രഹിക്കണമെന്ന ആഗ്രഹം നടക്കാതെ പോയെങ്കിലും കാസർകോട് എരുതുംകടവ് സ്വദേശി മൊയ്തീൻ(53) പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് മടങ്ങുന്നു. നീണ്ട അഞ്ച് വർഷത്തെ പ്രവാസത്തിന് ശേഷം. ദുബായ് ദെയ്റ നായിഫിലെ റസ്റ്ററന്റിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഇദ്ദേഹം പൊതുമാപ്പ് വാങ്ങി നാട്ടിലേയ്ക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

അഞ്ച് വർഷം മുൻപ് ഒമാൻ വഴിയാണ് മൊയ്തീൻ യുഎഇയിലെത്തിയത്. അതിൽ പിന്നെ അനധികൃതമായി താമസിക്കുകയായിരുന്നു. ഇതിനിടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു. പക്ഷേ, പിഴയും ശിക്ഷയും വലുതായിരിക്കുമെന്നറിയാവുന്നതിനാൽ നാട്ടിലേയ്ക്ക് പോകാൻ ശ്രമിച്ചില്ല. മകളുടെ നിക്കാഹ് അകലെ നടക്കുമ്പോൾ മൊയ്തീന് തന്റെ വിധിയോർത്ത് സങ്കടപ്പെടാനേ സാധിച്ചുള്ളൂ. ഫോണിലൂടെയാണ് മകളെയും പുതുമണവാളനെയും അനുഗ്രഹിച്ചത്. ഇക്കഴിഞ്ഞ റമസാന് ശേഷമായിരുന്നു രണ്ടാമത്തെ മകളുടെ വിവാഹം. നല്ലൊരു ആലോചന വന്നപ്പോൾ ഉറപ്പിച്ചുകൊള്ളാൻ ഭാര്യയോടും ബന്ധുക്കളോടും പറയുകയായിരുന്നു. 

പക്ഷേ, മൊയ്തീന്റെ അസാന്നിധ്യത്തിൽ നടത്താൻ ഭാര്യക്ക് വലിയ മടിയും സങ്കടവുമായിരുന്നു. എന്നാൽ, അതു കാര്യമാക്കേണ്ട, കഴിവതും വരാൻ ശ്രമിക്കാം എന്ന് അവരെ സമാശ്വസിപ്പിച്ചു. എന്തെങ്കിലും വഴിയുണ്ടോ എന്ന് പലരോടും അന്വേഷിച്ചു. നുഴഞ്ഞുകയറ്റക്കാരനായതിനാൽ പിടികൊടുത്താൽ വലിയ ശിക്ഷയായിരിക്കുമെന്നും വൻ സംഖ്യ പിഴയൊടുക്കേണ്ടി വരുമെന്നും പലരും മുന്നറിയിപ്പ് നൽകിയതിനാൽ ആ ആഗ്രഹവും അടക്കിവച്ചു. 

ഇനി എന്നാണ് നാട്ടിലേയ്ക്ക് മടങ്ങി ഭാര്യയേയും മക്കളേയും അവരുടെ ജീവിത സഖാക്കന്മാരെയും കാണാൻ സാധിക്കുക എന്നോർത്ത് ദുഃഖിച്ചിരിക്കുമ്പോഴാണ് പൊതുമാപ്പ് പ്രഖ്യാപനമുണ്ടായത്. ആദ്യ ദിവസം തന്നെ മടക്കയാത്രയ്ക്കുള്ള നടപടികൾ തുടങ്ങി. ഇനി എത്രയും പെട്ടെന്ന് ഔട് പാസ് കരസ്ഥമാക്കി വിമാനം കയറിയാൽ മതിയെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.