സൗദിയിൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് വർദ്ധിക്കുന്നു

സൗദി അറേബ്യയിൽ പ്രതിമാസം ശരാശരി ഒരു ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്ന്‌ റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നുലക്ഷത്തിലധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

സൌദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്തമാക്കിയതോടെയാണ് വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടു തുടങ്ങിയത്. ഈ വർഷം ആദ്യ ആറുമാസത്തിനിടെ അഞ്ചുലക്ഷത്തി പന്ത്രണ്ടായിരത്തോളം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്രെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ആദ്യമൂന്നുമാസത്തിനിടെ 1,99,500 പേരും രണ്ടാം പാദത്തിൽ 3,13,000 തൊഴിലാളികളുമാണ് തൊഴിൽരഹിതരായത്. ജനറൽ ഓർഗനൈസേഷനിൽ രജിസ്റ്റർചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്. എന്നാൽ രജിസ്‌ട്രേഷൻ ഇല്ലാതെ ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടൊണ് കണക്കാക്കുന്നത്.  

അതേസമയം, ഒന്നര വര്‍ഷത്തിനിടെ 58,400 സൌദി പൌരൻമാർക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പതിനൊന്നിലധികം പുതിയ തൊഴിൽമേഖലകളിൽ സ്വകാര്യവൽക്കരണം ഉറപ്പുവരുത്തുന്നതോടെ വിദേശികൾ ഈ മേഖലയിൽ നിന്ന് ഒഴിയേണ്ടിവരുമെന്നാണ് കരുതുന്നത്.