നിപ്പ വൈറസ് ഭീതി: കുവൈത്തിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധനം തുടരുന്നു

കേരളത്തിൽ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടും കുവൈത്തിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധനം തുടരുന്നു. കുവൈത്തിൽ ലബോറട്ടറികളുടെ കുറവാണ്  കാരണമെന്ന് ഭക്ഷ്യ പോഷകാഹാര അതോറിറ്റി വ്യക്തമാക്കി. 

നിപ വൈറസ് ബാധയെത്തുടർന്ന് യു.എ.ഇ, സൌദി അറേബ്യ, ബഹ്റൈൻ ഉൾപ്പെടെയുള്ളരാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചെങ്കിലും കുവൈത്തിൽ ഇറക്കുമതി നിരോധനം തുടരുകയാണ്. നിപ്പ വൈറസ് ബാധയെ തുടർന്നാണ് കേരളത്തിൽനിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതി കഴിഞ്ഞമാസം ആദ്യം തുടങ്ങി കുവൈത്ത് അധികൃതർ നിരോധിച്ചത്. ചെറുപഴം, വാഴയില, വെള്ളപ്പാവക്ക, തേങ്ങ, സവാള എന്നിവയുടെ ഇറക്കുമതിയെ നിരോധനം കാര്യമായി ബാധിച്ചു. 

സർക്കാർ ലബോറട്ടറികളുടെ കുറവാണ് പരിശോധനകൾ വൈകുന്നതിന് കാരണമെന്ന് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ഡയറക്ടർ ഈസ അൽ കന്ദരി പ്രതികരിച്ചു. മുനിസിപ്പാലിറ്റിയുടെയോ ആരോഗ്യമന്ത്രാലയത്തിൻ‌റെയോ ലബോറട്ടറികളിലാണ് നിലവിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മാ പരിശോധിക്കുന്നത്. എന്നാൽ, ഇതിന്റെ ഫലത്തിനായി മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നത്.

വിമാനത്താവളത്തിലും തുറമുഖങ്ങളിലും കരമാർഗമുള്ള പ്രവേശന കവാടങ്ങളിലും മൊബൈൽ ലബോറട്ടറി സ്ഥാപിക്കുകയാണ് പ്രശ്നപരിഹാരമാർഗമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങൾ വഴിയുള്ള ഇറക്കുമതി തുടരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് പ്രതിദിനം അൻപത് ടൺ പഴം,പച്ചക്കറിയാണ് കുവൈത്തിൽ ഇറക്കുമതി ചെയ്യുന്നത്.