പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം; സംഘത്തെ ദുബായ് പൊലീസ് കുടുക്കിയത് ഇങ്ങനെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് ദുബായിയിൽ പെൺവാണിഭം നടത്തിയ സ്ത്രീയുൾപ്പെടെ നാലു പേർക്ക് ദുബായിയിൽ ശിക്ഷ. മനുഷ്യക്കടത്ത് ഉൾപ്പെടെയുളള കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. പാക്കിസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടു വന്നതിന് ശേഷമാണ് ക്രൂരമായ ൈലംഗിക ചൂഷണത്തിന് വിധേയമാക്കിയത്. സംഭവത്തിൽ പാക്ക് സ്വദേശിയായ സ്ത്രീയ്ക്കും പുരുഷനും മൂന്നു വർഷം കോടതി ജയിൽ ശിക്ഷ വിധിച്ചു. 

ഇവർ 100,000 ദിർഹം വീതം പിഴ അടയ്ക്കുകയും വേണം. പാക്ക് സ്വദേശിയായ സ്ത്രീയും പുരുഷനുമാണ് പെൺവാണിഭ കേന്ദ്രം നടത്തുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂടാതെ മറ്റൊരു സ്ത്രീയും ഇവിടെയുണ്ടായിരുന്നു. പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 24 വയസ്സുള്ള പാക്കിസ്ഥാൻ പൗരന് ആറു മാസം ശിക്ഷയും വിധിച്ചു.

പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന ഫ്ലാറ്റ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനും കോടതി നിർദേശിച്ചു. രഹസ്യവിവരത്തെ തുടർന്ന് ജനുവരി 14നാണ് ദുബായ് പൊലീസ് റെയ്ഡ് നടത്തിയത്. പതിനേഴ് വയസ് മാത്രം പ്രായമുളള പെൺകുട്ടി ഇവിടെ ശാരീരിക ചൂഷണത്തിന് വിധേയയാകുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇവിടെ റെയ്ഡിന് എത്തിയത്.  മനുഷ്യക്കടത് വിരുദ്ധ സംഘവും റെയ്ഡിൽ പങ്കെടുത്തു. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യക്കാരൻ എന്ന നിലയിൽ സംഘത്തെ സമീപിക്കുകയായിരുന്നു. 100 ദിർഹവുമായാണ് സംഘത്തെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നായിരുന്നു ഇയാളുടെ ആവശ്യം. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും കൂട്ടി മുഖ്യപ്രതി മുറിയിലേക്ക് പോയി. ഈ സമയം പൊലീസുകാരൻ മറ്റുള്ളവർക്ക് സിഗ്നൽ നൽകുകയും പൊലീസ് സംഘം റെയ്ഡ് നടത്തുകയുമായിരുന്നു. 

2017 ഡിസംബറിലാണ് തന്നെ പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് കൊണ്ടുവന്നതെന്ന് പെൺകുട്ടി പറഞ്ഞു. അറസ്റ്റിലായ സ്ത്രീ ജോലി നൽകാമെന്നു പറഞ്ഞാണ് ദുബായിലേക്ക് കൊണ്ടുവന്നത്. എന്നാൽ, ജോലി ഇതായിരുന്നു. വേറെ വഴിയില്ലാത്തതിനാൽ സംഘത്തിനൊപ്പം ചേർന്നു. സെയിൽസ് വുമണായി ജോലി ചെയ്യാനാണ് ദുബായിൽ പോകുന്നത് എന്നാണ് വീട്ടിൽ പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു.  

ദുബായ് വിമാനത്താവളത്തിൽ എത്തിയ പെൺകുട്ടിയെ സ്ത്രീ അൽ ബറഹയിലെ ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ഇടപാടുകാർ വരുമെന്നും അവരെ സന്തോഷിപ്പിക്കണമെന്നും അവർ പറഞ്ഞു. പെൺകുട്ടിക്ക് ലഭിക്കുന്ന പണത്തിന്റെ പകുതി തങ്ങൾക്ക് നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. വീസയ്ക്കും യാത്രാ ടിക്കറ്റിനും ചെലവായ പണം തിരികെ പിടിക്കാനാണിത്. ദിവസവും ശരാശരി പത്തു പുരുഷൻമാരെങ്കിലും ഫ്ലാറ്റിൽ എത്തും. കൂടുതലും ഏഷ്യക്കാർ ആയിരുന്നു. തന്റെ കയ്യിലുള്ള ഫോണിലൂടെ ദിവസവും രക്ഷിതാക്കളുമായി സംസാരിക്കുമായിരുന്നുവെന്നും പെൺകുട്ടി പ്രോസിക്യൂട്ടറോട് പറഞ്ഞു.