ഡിപ്ലോമക്കാർക്ക് മുപ്പത് വയസ് തികയാതെ വീസ അനുവദിക്കില്ലെന്ന് കുവൈറ്റ്

ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുപ്പത് വയസ് തികയാതെ വീസ അനുവദിക്കില്ലെന്ന് കുവൈറ്റ്. ജൂലൈ ഒന്നു മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും. ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യത വേണ്ട ജോലികൾക്കുള്ള വീസകൾക്കാണ് കുറഞ്ഞ പ്രായപരിധിയായി മുപ്പത് വയസ് നിശ്ചയിച്ചിരിക്കുന്നത്. ഇതുവഴി അനുഭവ സമ്പത്തുള്ള തൊഴിലാളികളെ രാജ്യത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.  വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർഥികൾ ഒരു നിശ്ചിത കാലയളവ് തൊഴിൽ പരിശീലനം നേടിയ ശേഷം മാത്രം കുവൈത്ത് വീസയ്ക്ക് അപേക്ഷിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു. വിദ്യാഭ്യാസം പൂർത്തീകരിച്ച ഉടനെ കുവൈത്തിൽ എത്തുന്നവർ തൊഴിലിടം തൊഴിൽ പരിശീലനകേന്ദ്രമായി പ്രയോജനപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

ഈ സ്ഥിതി മാറാൻ പുതിയ നിയന്ത്രണം സഹായിക്കും. അതേസമയം വിദ്യാഭ്യാസ യോഗ്യതക്ക് മുൻ‌ഗണനയില്ലാത്ത ജോലിക്ക് വരുന്നവർക്ക് പ്രായം ബാധകമാകില്ല. ഡ്രൈവർമാർ, വ്യവസായ മേഖലയിലെ ചില യന്ത്രോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ, കായികാദ്ധ്വാനം ആവശ്യമുള്ള ജോലിയുമായി ബന്ധപ്പെട്ടവർ എന്നിവർക്കെല്ലാം ഇളവ് ലഭിക്കും.