സഹോദരന്‍റെ ഘാതകനെ 12 വര്‍ഷം കാത്തിരുന്നു കൊന്നു; പ്രതികള്‍ക്ക് ദുബായില്‍ വിചാരണ

കൊല്ലാൻ കാത്തിരുന്നത് 12 വർഷം. കൈയിൽ കിട്ടിയപ്പോൾ കത്തിയും ചുറ്റികയും കൊണ്ട് കൊന്നു. സഹോദരനെ കൊന്നതിന്റെ പക  തീർത്തത് ഫെയ്സ്ബുക്കിന്റെ സഹായത്തോടെ. കൊലപ്പെടുത്തിയ മൂന്നു പാകിസ്ഥാൻ സ്വദേശികൾക്കെതിരായ വിചാരണ ദുബായ് കോടതിയിൽ. മൂന്നു പാകിസ്ഥാൻ സ്വദേശികളാണ് 12 വർഷം കാത്തിരുന്ന് ആസൂത്രിതമായി സഹോദരന്റെ ഘാതകനായ വ്യവസായിയെ വകവരുത്തിയത്. അതിനിവർ കൂട്ടുപിടിച്ചത് ഫെയ്സ്ബുക്കും. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 32, 30, 46 വയസ്സുള്ള മൂന്ന് പാക്ക് സ്വദേശികൾ ദുബായിൽ എത്തിയത് എന്നാണ് കോടതി രേഖകൾ.  

പ്രതികൾ കൃത്യം നടത്തുന്നത് നേരിൽ കണ്ട ഇന്ത്യക്കാരനായ ദൃക്സാക്ഷിയാണ് വിവരം പുറത്തെത്തിച്ചത്. പ്രതികളിൽ രണ്ടു പേർ പാർക്കിങ് ഏരിയയിൽ നിന്നും രക്ഷപ്പെടുന്നതും വ്യവസായി തറയിൽ കിടക്കുന്നതും കണ്ട ഇയാൾ പൊലീസിനെ വിളിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ മൂന്നു പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. ഇതിനിടെ, പ്രതികൾ മൂന്നു പേരും ദുബായ് വിമാനത്താവളത്തിൽ എത്തി തിരികെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ചെക്കിൻ കൗണ്ടറിൽ എത്തിയ പ്രതികളെ പൊലീസ് പിടികൂടി. പ്രതികളിൽ ഒരാളുടെ കയ്യിൽ കത്തികൊണ്ട് പരുക്കേറ്റതിന്റെ മുറിവും ഉണ്ടായിരുന്നു. വ്യവസായിയെയും കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച സ്ത്രീയുടെ ഭർത്താവിനെയും പ്രതികൾ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ദൈറയിലെ ഒരു കടയിൽ നിന്ന് കത്തിയും ചുറ്റികയും വാങ്ങിയ സംഘം ഇരയുടെ അൽ നഹ്ദയിലെ വീട്ടിൽ എത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. 

സംഭവമിങ്ങനെ: 

2017ൽ ആണ് വ്യവസായി ദുബായിലുള്ള കാര്യം സ്ത്രീ പ്രതികളെ അറിയിച്ചത്. 32 വയസ്സുള്ള പാക്ക് സ്വദേശിയുടെ സഹോദരനെയാണ് വ്യവസായി 2005ൽ കൊലപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു സ്ത്രീയാണ് യുവാവിനെ ഫെയ്സ്ബുക്ക് വഴി ബന്ധപ്പെട്ടത്. കൂടുതൽ വിവരങ്ങൾക്ക് തന്റെ ഭർത്താവുമായി ബന്ധപ്പെടാനും യുവതി പറഞ്ഞുവെന്നാണ് രേഖകൾ പറയുന്നത്. 32 വയസ്സുള്ള യുവാവ് സ്ത്രീയുടെ നിർദേശമനുസരിച്ച് അവരുടെ ഭർത്താവുമായി ബന്ധപ്പെടുകയും വ്യവസായിയുടെ നീക്കങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു. ഒപ്പം ഇയാൾ എവിടെയാണ് താമസിക്കുന്നതെന്നും എന്തെല്ലാം പ്രവർത്തിയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കി. 

തുടർന്ന്, മറ്റു രണ്ടു പേരെയും ഒപ്പം കൂട്ടി (30, 46 വയസ്സ് പ്രായമുള്ള മറ്റുപ്രതികൾ) ദുബായിലേക്ക് വരികയായിരുന്നു. സഹോദരനെ കൊന്ന വ്യക്തിയോട് പകരം ചോദിക്കുന്നതിനായിരുന്നു ഈ വരവ്. കൃത്യം നടത്തിയ ഡിസംബർ ഏഴിന് സംഘം ഒരു കാർ വാടകയ്ക്കെടുക്കുകയും വ്യവസായിയുടെ പിന്നാലെ പോവുകയും ചെയ്തു. തുടർന്ന്, അൽ ഖുഹാസിലെ പാർക്കിങ് ഏരിയയിൽ വച്ച് കത്തിയും ചുറ്റികയും ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോടതി രേഖകൾ പറയുന്നത്. 

ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളും കുറ്റം നിഷേധിച്ചു. തനിക്ക് അവരെ അറിയില്ലെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും 34 വയസ്സുള്ള പ്രതികളിൽ ഒരാൾ പറഞ്ഞു. എന്നാൽ, ദൃക്സാക്ഷിയായ ഇന്ത്യക്കാരൻ നൽകിയ മൊഴിയിൽ പറയുന്ന ആളുകളെയാണ് പിടികൂടിയതെന്നും പ്രതികളിൽ ഒരാൾക്ക് പരുക്കേറ്റതിനെ പാടുകൾ ഉണ്ടെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. കൃത്യത്തിൽ പങ്കെടുത്ത രണ്ടു പ്രതികൾക്കും 32 കാരൻ 5000 ദിർഹം വീതം നൽകിയെന്നും ബാക്കി തുകയായ 10,000 ദിർഹം തിരികെ പാക്കിസ്ഥാനിൽ എത്തിയ ശേഷം നൽകുമെന്നാണ് വാഗ്ദാനമെന്നും പൊലീസ് അറിയിച്ചു. അതിനിടെ, ഇരയുടെ കുടുംബം പ്രതികൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. കേസ് വീണ്ടും ജൂൺ 10ന് പരിഗണിക്കും.