ദുബായിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ കൊച്ചിയിൽ നിക്ഷേപസംഗമം

ദുബായിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ ഏകദിന നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഇടപ്പള്ളിയിലെ മാരിയറ്റ്‌ ഹോട്ടലില്‍ രാവിലെ 9:30-ന്‌ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി ഉദ്ഘാടനം ചെയ്യും. 

വ്യാപാരം, വിനോദസഞ്ചാരം, നിര്‍മാണ-ഉല്‍പാദന മേഖലകളാണ്  വിദേശ നിക്ഷേപകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. റിയല്‍ എസ്റ്റേറ്റ്, ലോജിസ്‌റ്റിക്‌സ്‌, ഫിനാന്‍ഷ്യല്‍ മേഖലകളിലും ആകര്‍ഷക അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നൂതന സാങ്കേതികവിദ്യകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് ദുബായുടെ ആകര്‍ഷണം. ഇതുള്‍പെടെ ദുബായ് മുന്നോട്ടുവയ്ക്കുന്ന സൌകര്യങ്ങളാണ് ഒട്ടേറെ ആഗോള കമ്പനികളുടെ ആസ്ഥാനം ദുബായിലേക്ക് മാറ്റാന്‍ കാരണമായതെന്നും ചൂണ്ടിക്കാട്ടുന്നു. 

ദുബായിലേയ്‌ക്ക്‌ നേരിട്ടുള്ള നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ വിഭാഗമായ ദുബായ് ഇന്‍വെസ്റ്റ്മെന്‍റ് ഡവലപ്മെന്‍റ് ഏജന്‍സിയാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്. ദുബായില്‍ വരാനിരിക്കുന്ന എക്‌സ്‌പോ 2020-ന്‍റെ പശ്ചാത്തലത്തില്‍ പരിപാടിയ്‌ക്ക്‌ ഏറെ പ്രാധാന്യമുണ്ടെന്നും വിലയിരുത്തുന്നു. ഇരുനൂറോളം രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്സ്പോയിലേക്ക് രണ്ടര കോടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്‌. ഇതോടനുബന്ധിച്ച് യുഎഇയില്‍ 2.77 ലക്ഷം തൊഴിലവസരങ്ങളും എക്‌സ്‌പോ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.