മലയാളി വിദ്യാർഥിനി ജിദ്ദയിൽ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു

മലയാളി വിദ്യാർഥിനി ജിദ്ദയിൽ മുങ്ങിമരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം  കെഎംസിസി നടത്തിയ കുടുംബ-  വിനോദ  സംഗമത്തിൽ  പങ്കെടുക്കവെയാണ് ഫിദയെ   വിധി   കൊണ്ടുപോയത്.  പരിപാടിയിൽ പങ്കെടുത്ത മറ്റു  കുട്ടികൾക്കൊപ്പം നീന്തൽ  കുളത്തിലിറങ്ങിയ ഫിദ  മറ്റുള്ളവരുടെ  ശ്രദ്ധയിൽപ്പെടാതെ  ആഴമുള്ള  ഭാഗത്തു  ആണ്ടു  പോവുകയായിരുന്നു. പിതാവ്  അബ്ദുൽ  ലത്തീഫ്   ജിദ്ദയിൽ  അൽശർഖ്  ഫർണിച്ചർ  കമ്പനി  മാനേജിങ്  ഡയറക്ടർ  ആണ്.   ഇദ്ദേഹത്തിന്റെ  മൂത്ത  മകളാണു ഫിദ. ഞായറാഴ്ച മഗ്‌രിബ്  നിസ്കാരത്തിനു  ശേഷമായിരുന്നു  ഖബറടക്കം. ജിദ്ദയിലെ  അൽമാവാരിദ്   ഇന്റർനാഷനൽ   സ്‌കൂളിൽ  പത്താം  ക്ലാസ്  വിദ്യാർഥിനിയായിരുന്നു ഫിദ.

ഫിദയ്ക്ക് നീന്തൽ അറിയില്ലായിരുന്നു. ഉടൻ അടുത്തുള്ള   സ്വകാര്യ ആശുപത്രിയിലും പിന്നീട് അല്‍ശര്‍ഖ് ഗവര്‍മെന്റ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്നവർക്കുള്ള  നീന്തൽക്കുളം ആയിരുന്നു ഇതെന്നും വിവരമുണ്ട്. ഇതിനു  മുമ്പും  വാരാന്ത്യങ്ങളിൽ  റിസോർട്ടുകളിൽ  അരങ്ങേറുന്ന വിനോദ  പരിപാടികളിൽ  സമാന ദുരന്തങ്ങൾ  സംഭവിച്ചിട്ടുണ്ട്.