അബുദബി ഭരണകൂടത്തിന്റെ പരമോന്നത ബഹുമതി മലയാളിക്ക്

അബുദാബി ഭരണകൂടത്തിൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് മലയാളിയായ ഡോക്ടർ ജോർജ് മാത്യുവിന്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യനാണ് പത്തനംതിട്ട തുന്പമൺ സ്വദേശിയായ ഡോക്ടർ ജോർജ് മാത്യുവിന് ബഹുമതി സമ്മാനിച്ചത്. 

അബുദാബിയിലെ ആരോഗ്യപരിചരണ മേഖലയിൽ നടത്തിയ സേവനങ്ങൾ കണക്കിലെടുത്താണ് ഡോക്ടർ ജോർജ് മാത്യുവിന് എമിറേറ്റിൻറെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യമലയാളിയാണ് ഇദ്ദേഹം. അന്പത്തിയൊന്ന് വർഷമായി അബുദാബിയിലെ ആരോഗ്യസേവന മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർക്ക് രാജ്യത്തെ ഭരണാധികാരികളുമായി വ്യക്തിപരമായ അടുപ്പവുമുണ്ട്. 34 വർഷം അൽ ഐൻ മെഡിക്കൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അബുദാബി രാജകുടുംബാംഗങ്ങളുടെ ഡോക്ടറായും അദ്ദേഹം പ്രവർത്തിച്ചു. ഡോക്ടർ ജോർജ് മാത്യുവിൻറെ സേവനങ്ങൾ മുൻനിർത്തി 2004ൽ, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് അദ്ദേഹത്തിന് പൌരത്വം നൽകി ആദരിച്ചിരുന്നു. വളരെ അപൂർവമായി മാത്രമാണ് വിദേശികൾക്ക് യുഎഇ പൌരത്വം നൽകി ആദരിക്കാറുള്ളത്. മലേഷ്യയിൽ ജനിച്ച ഡോക്ടർ ജോർജ് മാത്യു തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. തുടർന്ന് ഇംഗ്ലണ്ടിൽ നിന്ന് ബുരുദാനന്തര ബിരുദവും സ്വന്തമാക്കി.