കുവൈത്തിൽ ഇഖാമ കാലഹരണപ്പെട്ടവർക്ക് പിഴയടച്ച് ഇഖാമ പുതുക്കാൻ അനുമതി

കുവൈത്തിൽ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയതായുള്ള പരാതികളെ തുടർന്ന് ഇഖാമ കാലഹരണപ്പെട്ടവർക്ക് പിഴയടച്ച് ഇഖാമ പുതുക്കാൻ അനുമതി. 2016 ജനുവരി മൂന്നിന് ശേഷം ഒളിച്ചോട്ട പരാതിക്ക് ഇടയായവർക്കാണ് ആനുകൂല്യം.

ഏപ്രിൽ 22ന് അവസാനിക്കുന്ന പൊതുമാപ്പിൻറെ ഭാഗമായാണ് തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ തൊഴിലാളികൾക്കും ഇഖാമ പുതുക്കാൻ അവസരം നൽകുന്നത്. ഒളിച്ചോട്ട പരാതി പിൻ‌വലിക്കാൻ തയാറുള്ള തൊഴിലുടമകൾക്ക് കീഴിലുള്ള തൊഴിലാളികൾ ഇഖാമ കാലഹരണപ്പെട്ടതിനുള്ള പിഴ അടക്കണം. സ്വഭാവികമായും ഒളിച്ചോട്ടം സംബന്ധിച്ച പരാതി അധികൃതർ സ്വീകരിച്ച തീയതി തൊട്ട് ഇഖാമ റദ്ദാക്കപ്പെട്ടിരിക്കും. ഇഖാമാ കാലാവധി അവസാനിച്ചാൽ ഒരു ദിവസത്തേക്ക് രണ്ടുദിനാറും പരമാവധി 600 ദിനാറുമാണ് പിഴ.    ഒളിച്ചോട്ട പരാതി റദ്ദാക്കിക്കിട്ടുന്നതിന് ഈ തൊഴിലാളികൾ തൊഴിൽ വകുപ്പിലെ മാൻ‌പവർ ഡിപ്പാർട്മെൻ‌റ് ജനറൽ അതോറിറ്റിയെ സമീപിക്കണം. തുടർന്ന് ബന്ധപ്പെട്ട ഗവർണറേറ്റിലെ താമസാനുമതികാര്യ വകുപ്പ് ഓഫീസുകളിലെത്തി പിഴ അടക്കണം. ഇതോടെ  പഴയ സ്പ്ൺസറുടെ കീഴിൽതന്നെ ഇഖാമ പുതുക്കകയോ അല്ലെങ്കിൽ റിലീസ് വാങ്ങി പുതിയ സ്പോൺസറുടെ കീഴിൽ ഇഖാമ അടിക്കുകയോ ചെയ്യാം. എന്നാൽ ഇഖാമ പുതുക്കാതെ രാജ്യം വിടാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾ പിഴ അടക്കേണ്ടതില്ല.