കുവൈത്തിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ നടപടികൾ കർക്കശമാക്കി

കുവൈത്തിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ നടപടികൾ കൂടുതൽ കർക്കശമാക്കി. സ്വദേശികൾക്കുള്ള തൊഴിൽ സംവരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള പിഴ മൂന്നിരട്ടിയാക്കി. 

സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശി സംവരണ ചട്ടങ്ങൾ ലംഘിച്ച് വിദേശിയായ ജീവനക്കാരനെ നിയമിച്ചാൽ, ഒരു ജീവനക്കാരന് നൂറു റിയാൽ ആയിരുന്നു പിഴ ഈടാക്കിയിരുന്നത്. എന്നാൽ അടുത്ത മാസം മുതൽ ഇത്തരം നിയമലംഘനങ്ങൾക്കുള്ള പിഴ മുന്നൂറു റിയാലായിരിക്കും. സ്വദേശികൾക്ക് തൊഴിൽ  നൽകുന്നതിനെക്കാൾ ലാഭം പിഴ അടക്കലാണെന്ന് കരുതുന്ന തൊഴിലുടമകളെ നിയന്ത്രിക്കാനാണ് വർധന കൊണ്ട് ലക്ഷ്യമിടുന്നത്. പത്രസ്ഥാപനങ്ങൾ, കൺസൽറ്റൻസി, നിയമസഹായ സ്ഥാപനങ്ങൾ എന്നിവയെ സാമൂഹിക സേവന മേഖലയിൽനിന്ന് മാറ്റി വ്യാപാര സ്ഥാപനങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തി. 

പത്രസ്ഥാപനങ്ങളിൽ നിലവിൽ സ്വദേശികൾക്കുള്ള തൊഴിൽ സംവരണ തോത് അഞ്ചിൽ നിന്ന് 10ശതമാനമായി വർധിപ്പിച്ചിട്ടുമുണ്ട്. ജനറൽ ട്രേഡിങ് ആൻ‌ഡ് കോൺ‌‌ട്രാക്ടിങ് കമ്പനികളിൽ നാലുശതമാനം ജോലി സ്വദേശികൾക്ക് സംവരണം ചെയ്‌തു. സ്വകാര്യമേഖലയിൽ 17000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിന്ന് ലേബർ റീസ്ട്രക് ചറിങ് പദ്ധതിയും ആരംഭിച്ചു. സ്വകാര്യമേഖലയിൽ നിശ്ചിത ശതമാനം അവസരം സ്വദേശികൾക്കായിരിക്കണമെന്ന നിയമം രണ്ടായിരത്തിലാണ് നിലവിൽ വന്നത്.