കടലിനക്കരെ മലയാളിയെ വട്ടമിട്ട് വീണ്ടും ഭാഗ്യദേവത; ഇത്തവണ കടാക്ഷിച്ചത് ഏഴുദശലക്ഷം ദിര്‍ഹം

മരുഭൂമിയില്‍ പൊന്നുവിളയിച്ച മലയാളിയെ അറബിന്റെ ഭാഗ്യദേവത ഒരിക്കലും കൈവിടില്ലെന്ന് വീണ്ടും തെളിയിച്ച് ഭാഗ്യകടാക്ഷം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെയാണ് ഇത്തവണ സൗഭാഗ്യം ഇന്ത്യക്കാരിലേക്ക് വിരുന്നുവന്നത്. ദി സൂപ്പർ സീരീസ് 189ൽ നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാര്‍ക്കു സ്വന്തം. ഒന്നാം സമ്മാനമായ എഴുദശലക്ഷം ദിർഹം മലയാളി സ്വന്തമാക്കി. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസി‌ലാസ് ബിബിയൻ ബാബുവിന് 030202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ത്യന്‍ രൂപയിൽ 12.40 കോടി രൂപ വരും ഒന്നാം സമ്മാനത്തുക.

ഏഴു ദശലക്ഷം ദിർഹം ലോട്ടറിയടിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് തൻസിലാസ് ബാബു പ്രതികരിച്ചു. വിവരമറിഞ്ഞപ്പോൾ ആരെങ്കിലും തമാശ കാണിച്ചതാകുമെന്നാണ് വിചാരിച്ചത്. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്. സൗഭാഗ്യത്തിൽ യുഎഇയ്ക്കും ഭരണാധികാരികളോടും നന്ദിയുണ്ട്– തൻസിലാസ് ബാബു പറഞ്ഞു.

57 കാരനായ തൻസിലാസ് ദുബായ് എമിറേറ്റ്സ് എയർലൈന്‍സിൽ 26 വർഷമായി ജോലി ചെയ്തു വരികയാണ്. ദുബായ് കിസൈസിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇതിനു മുൻപ് ഒൻപതിലേറെ തവണ അബുദാബി ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തിയാലും ലോട്ടറിയെടുക്കാറുണ്ട്. പക്ഷെ കേരളത്തില്‍ നിന്നു കാര്യമായ ഭാഗ്യമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പോറ്റമ്മയുടെ മണ്ണാണ് തന്‍സിലാസിനെ അറിഞ്ഞ്  അനുഗ്രഹിച്ചത്. 

100,000 ദിർഹത്തിനുള്ള നറുക്കെടുപ്പുകളിൽ ആറും ഇന്ത്യക്കാർ സ്വന്തമാക്കി. ഒരാൾ ബഹ്റൈൻ സ്വദേശിയാണ്.

നറുക്കെടുപ്പിലെ വിജയികള്‍

1. 7,000,000– തൻസിലാസ് ബാബു (ഇന്ത്യൻ)

2. 100,000– ജോർജ് രസ്മിൻ (ഇന്ത്യൻ)

3. 100,000– രവി ചൗഹാന്‍ (ഇന്ത്യൻ)

4. 100,000– ജിജു ജയപ്രകാശ് (ഇന്ത്യൻ)

5. 100,000– പാട്രിക് മൈക്കൽ (ഇന്ത്യൻ)

6. 100,000– രാജമുഹമ്മദ് മജീദ് മജീദ് (ഇന്ത്യൻ)

7. 100,000– പള്ളിക്കര വസുരാജൻ (ഇന്ത്യൻ)

8. 100,000– അദ്നാൻ അബ്ദുൽ റഹ്മാൻ മുഹമ്മദ് യൂസുൽ (ബഹ്റൈൻ)

കഴിഞ്ഞ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവാവിനും സുഹൃത്തുക്കൾക്കും ഏകദേശം 17കോടി രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചിരുന്നു. ദുബായിൽ സെയിൽസ് എക്സിക്യൂട്ടീവായ സുനിൽ എം. കൃഷ്ണൻകുട്ടി നായരെയും നാലു സുഹൃത്തുക്കളെയുമാണ് അന്നു ഭാഗ്യദേവത കടാക്ഷിച്ചത്. ഇൗ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനമായിരുന്നു ഇത്.