ഒരു വര്‍ഷവും ആറ് മാസവും എട്ട് ദിവസവും നീണ്ട ഭീകരവാദികളുടെ തടവിലെ ദുരിത ജീവിതത്തില്‍ നിന്ന് മോചനം നേടി പുതു ജീവിതത്തിലേക്ക് തിരികെയെത്തിയ ഫാദര്‍ ടോം ഉഴുന്നാലിന്റെ നാവില്‍ നിറയെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടും വത്തിക്കാന്‍ അധികൃതരോടുമുള്ള നന്ദി വാക്കുകള്‍. ഒമാന്റെ നയതന്ത്ര ഇടപെടലിന്റെ ഫലത്തില്‍ യമനിലെ ഭീകരവാദികളില്‍ നിന്ന് മോചിതനായി മസ്‌കത്തിലെത്തിയപ്പോഴാണ് ഫാദര്‍ ടോം സുല്‍ത്താനോടും രാജ്യത്തോടുമുള്ള നന്ദി അറിയിച്ചത്. ഭരണാധികാരിക്കും രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതായും ഫാ. ടോം ഉഴുന്നാല്‍ പറഞ്ഞു.
വത്തിക്കാന്‍ സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ സര്‍ക്കാര്‍ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടല്‍ ആരംഭിക്കുന്നത്. ഇതിന്നിടെ കേന്ദ്ര സര്‍ക്കാറും വിഷയത്തില്‍ ഇടപെടല്‍ ആരംഭിച്ചിരുന്നു. യമനുമായി നേരിട്ട് ഇടപെട്ടുള്ള നീക്കമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയതെങ്കില്‍ വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറിനോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് ഫാദര്‍. ടോമിന്റെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ സുല്‍ത്താന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. യമനിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഇടപെട്ടാണ് ഒമാന്‍ അധികൃതര്‍ മോചന വഴി തേടിയത്. ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് ശേഷം തീവ്രവാദികളുടെ കേന്ദ്രത്തില്‍ നിന്ന് സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു. അതിവേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള സുല്‍ത്താന്റെ നിര്‍ദേശവും ഫാദര്‍ ടോമിന്റെ മോചനം എളുപ്പമാക്കി.
ഇതാദ്യമായല്ല യമനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്‍മാരെ ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ട് രക്ഷപ്പെടുത്തുന്നത്. ആസ്‌ത്രേലിയ, യു എസ് പൗരന്‍മാര്‍ക്ക് ഉള്‍പ്പടെ സുരക്ഷിതമായി സ്വന്തം നാടണയാന്‍ ഒമാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയിരുന്നു. യമനില്‍ കുടങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെ മസ്‌കത്ത് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മസ്‌കത്ത് വഴി നാട്ടിലെത്തിയിരുന്നു. മേഖലയിലെ മറ്റു രാഷ്ട്രങ്ങളെപ്പോലെ തന്നെ യമനുമായി മികച്ച ബന്ധം പുലര്‍ത്തിപ്പോരുന്ന ഒമാന്റെ ഇടപെടല്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് ഗുണം ചെയ്തു.