മസ്‌കത്ത്: സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ യാത്രാ സൗകര്യം വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. സര്‍വ്വീസുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 13 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടം ദിനം പ്രതി മസ്‌കത്ത് - സലാല റൂട്ടില്‍ 1,616 പേര്‍ക്ക് യാത്ര ചെയ്യാനാകും. നേരത്തെ സിറ്റുകളുടെ എണ്ണം 1,028 ആയിരുന്നു.
ആഗസ്ത് അവസാനം വരെ വര്‍ധിപ്പിച്ച സര്‍വ്വീസുകള്‍ തുടരും. ഈദ് അവദി ദിനങ്ങളിലും ഒമാന്‍ എയര്‍ 5,100 അധിക സീറ്റ് ലഭ്യമാക്കിയിരുന്നു.
സലാം എയറിന്റെ മസ്‌കത്ത് - സലാല സര്‍വ്വീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സൊഹാറില്‍ നിന്ന് സലാലയിലേക്കുള്ള സലാം എയര്‍ സര്‍വ്വീസ് വന്‍ വിജയമായി മാറിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാണുള്ളത്. 12 റിയാല്‍ മാത്രമാണ് നിരക്ക്. ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ളവര്‍ക്ക് പുറമെ യു എ ഇയില്‍ നിന്നെത്തുന്ന സഞ്ചാരികളും സര്‍വ്വീസിനെ ആശ്രയിക്കുന്നു.
ഫ്‌ളൈ ദുബൈ ആഴ്ചയിലെ സലാല സര്‍വ്വീസ് 11ല്‍ നിന്ന് 14 ആക്കി ഉയര്‍ത്തി. ജുലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ മാത്രമാണ് വര്‍ധിപ്പിച്ച സര്‍വ്വീസുകള്‍. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയും ആഴ്ചയിലെ സര്‍വ്വീസുകളുടെ എണ്ണത്തില്‍ വര്‍ധന കൊണ്ടുവന്നിട്ടുണ്ട്.